Pages

September 21, 2011

മണ്ണാങ്കട്ടയും കരിയിലയും ...

മണ്ണാങ്കട്ട  യാഹൂവില്‍ അവതരിച്ചു.
ചാറ്റില്‍ വിളനിലം കണ്ടെത്തി 
ജി മെയില്‍ കണ്ടു മോഹിച്ചു 
യാഹൂനെ മൊഴി ചൊല്ലി മതം മാറി.

ജി മെയിലില്‍ പുതിയ വിലാസം ഉണ്ടാക്കി 
ഓര്‍ക്കുട്ടില്‍ കൂട്ടുകാരും  ബന്ധുക്കളും നിറഞ്ഞു
വീണ്ടും മടുത്തപ്പോള്‍ പഴയ കൂട്ട് വെട്ടി 
 വിലാസം  മിനുക്കാന്‍ മുഖപുസ്തകം ഉണ്ടാക്കി.

മതില്‍ കെട്ടി പെയിന്റടിച്ചു അതില്‍ ഒളിച്ചിരുന്നു  
ആരാന്റെ വസ്തുക്കള്‍ തൂക്കി അത്  അലങ്കരിച്ചു.
പ്രൊഫൈലിന്റെ മീശയെടുത്തു 
പോസ്റ്റിലും ലൈക്കിലും കുളിര് കോരി. 

കാഴ്ചകള്‍ തേടി കരിയിലകള്‍ ചുറ്റും കൂടി 
കരിയിലകള്‍  തുന്നിക്കൂട്ടി 
ഗ്രൂപ്പ്‌ കളിയ്ക്കു മണ്ണാങ്കട്ട കാവലിരുന്നു 
പറന്നുപോയവരെ എറിഞ്ഞു കൊന്നു. 

മതിലിന്റെ ആലസ്യത്തില്‍ നിന്നും 
ബൂലോഗ മായകാഴ്ച്ചകള്‍ വരയ്ക്കാന്‍  
പറന്നവരുടെ വീഴ്ചകള്‍ 
നിലവിളികളായ്‌  പോസ്ടുകളായ്‌ പിറന്നു. 

കരിയില കമന്റുകളില്‍ 
ബൂലോഗ സാഹിത്യം വളര്‍ന്നു 
വിലയില്ലാ വാക്കുകളി ല്‍ 
ഇമേജ് അപ്പൂപ്പന്‍താടിപോലുയര്‍ന്നു.

മുഖപുസ്തക ബൂലോഗ വലകളില്‍ 
മണ്ണാങ്കട്ടയും കരിയിലകളും 
കാറ്റും മഴയുമില്ലാത്ത ലോകം 
ഇന്നും സ്വപ്നം കണ്ടുറങ്ങുന്നു.

September 11, 2011

അസ്തിത്വം

കരച്ചില്‍ ജനനത്തിന്റെ അടയാളം 
പിന്നെ ശൂന്യതയില്‍ സ്നേഹം നിറഞ്ഞു 
മുലപ്പാലില്‍ കരച്ചിലടങ്ങി.
താരാട്ടുകള്‍  ജീവിതത്തിനു താളമായി.

ഓര്‍മ്മകള്‍ തെളിഞ്ഞത് കുസൃതികളില്‍ 
പിന്നെ കുസൃതികള്‍ സ്നേഹം മറച്ചു 
കൂട്ടുകാര്‍ വീട്ടുകാരില്‍ നിന്നകറ്റി
കൂട്ടുകാരി കൂട്ടുകാരില്‍ നിന്നും.

കാമം കണ്ണ് കാട്ടിയപ്പോള്‍ 
പ്രലോഭനം പൊയ്മുഖങ്ങള്‍ അഴിച്ചു  മാറ്റി
സ്നേഹത്തിന്  അര്‍ഥം മാറിയപ്പോള്‍ 
കൂട്ടുകാരി അകന്നു മാറി.

തെരുവിലെ ലോകം വഴികാട്ടിയായി 
നിലനില്‍പ്പ്‌ നയിക്കാന്‍ പഠിപ്പിച്ചു.
അണികള്‍ അധികാരം നല്‍കി 
അധികാരം ആദരവ് നല്‍കി.

ജീവിതം ജീവിതാസക്തിയായപ്പോള്‍ 
ഓര്‍മ്മകള്‍ ദൈര്‍ഘ്യം കുറഞ്ഞില്ലാതായി.
അസ്തിത്വം   ഇല്ലാതാകുന്നത് 
അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്.

July 29, 2011

ജീവിതലഹരി

പതിര് വിതച്ചു കാത്തിരുന്നവന്റെ ജീവിതത്തില്‍ 
വിത്തായ്‌ വന്നവള്‍ക്കായ് അലയുന്നു ഞാന്‍ 
വീഞ്ഞിന്‍ ലഹരിയില്‍ നിന്നും അടര്‍ന്നുമാറി 
പ്രണയലഹരി ഞരമ്പില്‍ പടര്‍ത്തി ഞാന്‍ .

നിന്റെ സ്വപ്നങ്ങളില്‍ കോര്‍ന്നു കിടന്നു ഞാന്‍ 
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട് പണിതു 
നഷ്ടപ്പെട്ടതൊക്കെ എനിക്ക് വേണ്ടാത്തതായി 
ഞാന്‍ നേടിയതില്‍ എന്‍റെതൊന്നുമില്ലായിരുന്നു.

മാറ്റങ്ങള്‍ ആസ്വാദ്യമായി,വേദനകള്‍ ലഹരിയായ് 
കൈവിടലുകളില്‍ ആഹ്ളാദം നുരകുത്തി. 
നേര്‍കാഴ്ചകള്‍ മങ്ങുമ്പോഴും, 
ഉള്‍ക്കാഴ്ചയില്‍ സ്നേഹം വിങ്ങി.

ഒടുവില്‍ എന്‍റെ മനസ്സില്‍ കല്ലെറിയാന്‍ ഞാന്‍ ബാക്കിയായി
ആ ഓളങ്ങള്‍ എനിക്കിഷ്ടമായിരുന്നു. 
ജീവിതം എനിക്കിന്ന് ലഹരിയാണ് 
നോവിന്റെ ചലനങ്ങള്‍ വേദനിപ്പിക്കുന്ന ലഹരി. 

July 24, 2011

വൃത്തത്തില്‍ ജീവിക്കുന്നവര്‍

വൃത്തത്തില്‍ ജീവിക്കുന്നവര്‍ 
അവര്‍ക്ക് കിഴക്കും പടിഞ്ഞാറുമില്ല.
തെക്കും വടക്കുമില്ല.
ആ വൃത്തമാവരുടെ ലോകം. 

അവര്‍ , വൃത്തത്തിനു പുറത്ത് വഴി തെറ്റുന്നവര്‍ 
പുറം ലോകത്തെ ഭയക്കുന്നവര്‍ 
ഞാനെന്ന ഭാവം വെടിഞ്ഞവര്‍ 
അകകണ്ണില്‍  ലോകം അറിയുന്നവര്‍ .

അപരന്റെ യാത്രയ്ക്കായ് മാറിനടന്ന 
വഴിയും തന്റ്റെതെന്നറിവുള്ളവര്‍ .
തുടങ്ങിയെടത്താണ് ഒടുക്കമെന്നറിവുള്ളവര്‍
പ്രലോഭനങ്ങള്‍ അതിജീവിച്ചവര്‍ . 

അവരിലൊരാളാകാനൊരു മോഹം 
ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ചു, വരകള്‍ ദിശതെറ്റി
എന്നെയും കൂട്ടി എവിടെയ്ക്കോ പോയി 
എന്റെ ലോകം വൃത്തത്തിലേക്ക് ഒതുങ്ങിയില്ല. 

വഴിതെറ്റി ദിശ മാറി യാത്രകള്‍ അനന്തമായി, 
ഇരുണ്ട വഴികളില്‍ തെളിഞ്ഞ കോണുകള്‍ 
ദിശകള്‍  ചൂണ്ടിക്കാട്ടി പരിഹസിച്ചു.
യാത്രകള്‍ തിരിച്ചുവരവ് ഇല്ലാത്തതായി. 

കൂട് വിട്ടു കൂട്ടംതെറ്റി ഒഴിഞ്ഞു മാറിയ വഴികളിലും 
ആളുകള്‍  നിറുകയില്‍ കാല്പാടുകള്‍ സമ്മാനിച്ചു.
ഇന്ന് വൃത്തത്തിനും ചതുരത്തിനുമിടയില്‍ 
ദിശയില്ലാതലയുന്നു ഞാന്‍ .  

July 10, 2011

കാല്പാടുകള്‍

കാല്പാടുകള്‍ ആദ്യം പതിഞ്ഞത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍
സുരക്ഷിതത്വം തേടിയ ആദ്യ യാത്ര
പിന്നെ അച്ഛന്റെ നെഞ്ചില്‍ കളിക്കാന്‍ ഇടം തേടി

സുഹൃത്തിനെ തേടിയും സുഹൃത്തുക്കളില്‍ നിന്നോടിയും
ഓര്‍ക്കാനും മറക്കാനും ശ്രമിക്കുന്ന പല വഴികളില്‍ ,
കൂട്ടുകാരിയുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന് ഒറ്റയടിപ്പാതയില്‍
പിന്നീട് കാല്‍പ്പാടുകള്‍ക്ക് കൂട്ടായി ഒപ്പം നടന്നു. ജീവിത സായാഹ്നം വരെ.

ജീവിത വഴികളില്‍ പതിഞ്ഞും പതിയാതെയും അനേകം കാല്പാടുകള്‍ .
ഒടുവില്‍ കാല്പാടുകള്‍ മാഞ്ഞു മാഞ്ഞില്ലാതെയായ്
കാലുകള്‍ മാത്രം ശേഷിച്ചു. തമ്മില്‍ കൂട്ടി കെട്ടി മണ്ണില്‍ മൂടിയ കാലുകള്‍
കാല്പാടുകള്‍ പതിക്കാന്‍
അവ മറ്റൊരു ഗര്‍ഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു.

July 03, 2011

യാത്ര

നേര്‍ത്ത പനിയുമായ് പടിയിറക്കം... 
അമ്മയുടെ കണ്ണിലെ കാര്‍മേഘവും 
അച്ഛന്റെ കണ്ണിലെ കനലും 
പനിച്ചൂടില്‍ അറിഞ്ഞതേയില്ല.

കൂട്ടുകാര്‍ അവനെ  കാത്തിരുന്നപ്പോള്‍  
അവന്‍ രാത്രിവണ്ടിയെക്കാത്തിരുന്നു.
ദുശ്ശീലങ്ങള്‍ കൂട്ടുകാര്‍ക്ക് ശീലം, 
കാത്തിരിപ്പുകള്‍ അവസാനിക്കുന്നതങ്ങിനെ.

രാത്രിവണ്ടി ചൂടും വിയര്‍പ്പും ചൂരുമായി 
അവന്റെ അബോധം അതിജീവനത്തിനു കൂട്ടായി 
പനിച്ചൂടും സ്വപ്നങ്ങളും യാത്രയ്ക്ക് കൂട്ടായി 
യാത്രാവസാനം അവന്‍ അവളെ കണ്ടെത്തി 

അവള്‍ അവന്റെ രൂപം മാറി വരച്ചു, മനമില്ലാമനസ്സോടെ
അവന്‍ അവളെ ഉള്‍ക്കൊണ്ടു, പച്ചയായി 
അവന്‍ പറഞ്ഞുകൊണ്ടിരുന്നു,
വാക്കുകള്‍ കൈവിട്ടുപോകുമെന്ന പേടിയില്‍, 
അവള്‍ കേട്ടുകൊണ്ടിരുന്നു,
കേള്‍വിയും സ്വപ്നമാകുമെന്നോര്‍ത്ത്

രാത്രിവണ്ടിക്ക് യാത്ര പറയുമ്പോള്‍ 
നക്ഷത്രങ്ങള്‍ വിരിഞ്ഞ കണ്ണുകള്‍ യാത്രാനുമതി തന്നു.
ആലിംഗനത്തില്‍ പേടിയില്ലാതമരുമ്പോള്‍
പനിച്ചൂട് അവളെ പൊള്ളിച്ചത് അവന്‍ അറിഞ്ഞില്ല.

പ്രതീക്ഷയുടെ, വിരഹനൊമ്പരത്തിന്റെ പതിവ് കാഴ്ചയ്ക്ക് 
അയാള്‍ പിന്തിരിഞ്ഞു നോക്കിയില്ല.
അതായിരുന്നില്ല അവളുടെ മുഖത്തെന്ന്‍ 
അയാള്‍ അറിഞ്ഞതുമില്ല.

മടക്കയാത്രയില്‍ ഒന്നും അയാള്‍ അറിഞ്ഞില്ല.
രാത്രിവണ്ടിയുടെ വാതില്‍പടിയില്‍ നിന്നും 
പനിമനസ്സുമായി മരണത്തിലേക്കൂര്‍ന്നു പോകുമ്പോള്‍ 
അയാളുടെ മനസ്സ് കിനാക്കളില്‍ സുരക്ഷിതമായി ഉറങ്ങി.   
    

June 21, 2011

സ്വത്വം അറിയുന്നവര്‍ ,തേടുന്നവരും...

പ്യൂണ്‍ രാജന്‍ അന്നേറെ ദുഖിതനായിരുന്നു. തന്റെ ഡിഗ്രികളുടെ വലിപ്പത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തന്റെ ജോലിയുടെ വലിപ്പത്തോട് താരതമ്യപ്പെടുത്തി അസ്വസ്ഥപ്പെടുന്ന മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചും അത്യാവശ്യം മരുന്നുകൊണ്ടും നിയന്ത്രണത്തില്‍ കൊണ്ട് വന്നിട്ട് അധിക കാലം ആയിട്ടില്ലായിരുന്നു. അപ്പോളാണ് ഇന്‍സ്പെക്ഷന് വന്ന മേലാപ്പീസറെ വേണ്ട വിധത്തില്‍ ഗൗനിക്കാതിരുന്ന കുറ്റത്തെ, ട്രെഷറിയില്‍ യഥാസമയം കൊടുക്കേണ്ട രേഖകള്‍ കൊടുത്തില്ലെന്ന കാരണമാക്കി മാറ്റി ഓഫീസര്‍ മെമ്മോ നല്‍കിയത് .തന്റെ ജീവിതം തന്നെ ഏതൊക്കെ രീതിയില്‍ വേട്ടയാടുന്നു എന്ന നിസ്സഹായതയെക്കുറിച്ച് മാത്രം ചിന്തിച്ചാണ് അന്ന് രാജന്‍ ദു:ഖിച്ചത്.  

ട്രെഷറിയില്‍ കൊടുക്കേണ്ട ബില്ലുമായി ട്രെഷറിയിലേയ്ക്കു പോകുന്നതിനു പകരം മേലാപ്പീസിലെയ്ക്ക് പോകുമ്പോഴും രാജന്റെ മനസ്സില്‍ ആകെയുള്ള ചിന്ത ഇക്കാര്യങ്ങള്‍ വീട്ടുകാരിയായ   സൌമിനിയെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും എന്നുള്ളതായിരുന്നു. ആകെ കുഴഞ്ഞു മറിഞ്ഞ മനസ്സുമായി രാത്രി വളരെ വൈകി വീട്ടിലെത്തിയ രാജന്‍ തന്റെ അസ്വസ്ഥതകള്‍ മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും, കഴിയാതിരുന്നപ്പോള്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ ഭാര്യയോടും മക്കളോടും  പറഞ്ഞു ഭാരം ഇറക്കാന്‍ ശ്രമിച്ചു. പറഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും കര്‍മം ചെയ്യുന്ന നിര്‍വികാരതയിലെയ്ക്ക് അയാളുടെ വാക്കുകള്‍ മാറിയിരുന്നു.  അതുകൊണ്ടാവണം അവര്‍ അതൊരു വലിയ കാര്യമായി എടുത്തതുമില്ല.ഏതു കാര്യം അവര്‍ നിസാരമായി എടുക്കും  ഏതു എടുക്കില്ല എന്ന് എന്നാണു താന്‍ മനസ്സിലാക്കുക എന്ന് സ്വസ്ഥമായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ ഓര്‍ത്ത്‌.

രാവിലെ മകന്‍ ഓര്‍മ്മിപ്പിച്ചപ്പോഴാണ് ബില്ലുകള്‍ ട്രെഷറിയില്‍ കൊടുത്തില്ലെന്ന കാര്യം രാജന്‍ ഓര്‍ക്കുന്നത്.  തയ്യാറായി ഓഫീസിലേയ്ക്ക് പുറപ്പെടുമ്പോള്‍ തന്റെ അവസ്ഥകളോട് അയാള്‍ ഏറെക്കുറെ പൊരുത്തപ്പെട്ടിരുന്നു.  

ജോലികള്‍ ഒതുക്കിത്തീര്‍ത്ത് മേലാപ്പീസില്‍ നിന്നും കിട്ടിയ കടലാസുമായി ഓഫീസില്‍ എത്തുമ്പോള്‍ പലരും കൂട്ടം കൂടി നിന്ന് ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു.  ഒടുവില്‍ സോമനാണ് രാജനോട്‌ ഓഫീസര്‍ക്ക് സ്ഥലം മാറ്റമാണെന്നും അന്നുതന്നെ വിടുതല്‍ ചെയ്യണമെന്നും ഉള്ള കര്‍ശന നിര്‍ദ്ദേശം മുകളില്‍ നിന്നും ലഭിച്ച കാര്യം പറയുന്നത്.  അന്ന് വൈകിട്ട് തട്ടിക്കൂട്ടിയ യാത്രയയപ്പുസമ്മേളനത്തില്‍ ഓഫീസറെ അനുസരിക്കാതിരുന്നതില്‍ രാജന്‍ തന്റേതായ വാക്കുകള്‍ കൂട്ടിച്ചൊല്ലി ക്ഷമ പറയുമ്പോള്‍ ഓഫീസര്‍ അയാളെ സമാധാനിപ്പിക്കാന്‍ വൃഥാ ശ്രമിച്ചു.  
പ്രത്യേക ഭാവഭേദങ്ങള്‍ ഇല്ലാതെ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വിധിയുടെ വിളയാട്ടങ്ങളില്‍ മനുഷ്യന്‍ എത്ര നിസ്സഹായന്‍ ആണെന്ന് രാജന്‍ വെറുതെ ഓര്‍ത്തു.  

ഓഫീസില്‍ ചായ കൊണ്ടുവരുന്ന പയ്യനെ പോലീസ് പിടികൂടിക്കൊണ്ടുപോയി എന്ന വാര്‍ത്തയും കേട്ടുകൊണ്ടാണ് രാജന്‍ പിറ്റേന്ന് ഓഫീസില്‍ ചെല്ലുന്നത്.  അവന് അല്ലറചില്ലറ തരികിടപ്പരിപാടികളും കണക്കില്‍ തിരിമറി നടത്തി അഞ്ചോ പത്തോ രൂപ കൈക്കലാക്കുന്നതുമല്ലാതെ നാട്ടില്‍ നടന്ന സാമാന്യം മോശമല്ലാത്ത ഒരു മോഷണക്കേസില്‍ അവനും കണ്ണിയാകുമെന്നു വിശ്വസിക്കാന്‍ ഓഫീസില്‍ ആരും തയ്യാറായില്ല.  ഓഫീസ് സൂപ്രണ്ടിനെക്കൂടി വിളിച്ചുകൊണ്ടു പോലീസ് സ്റ്റേഷനില്‍ പോകാന്‍ നിന്ന രാജനെ സഹപ്രവര്‍ത്തകര്‍ കൈവച്ചില്ലെന്നേയുള്ളൂ.  തലേന്ന് കാശിന്റെ കണക്കു പറഞ്ഞപ്പോള്‍ പത്തുരൂപയുടെ വ്യത്യാസത്തിന്റെ കാര്യം പറഞ്ഞ് അവനും രാജനും തമ്മില്‍ നല്ല വഴക്കായിരുന്നു. അതൊക്കെ പഴയ കാര്യമല്ലേ എന്നും ഇപ്പോള്‍ നമ്മള്‍ നമ്മെക്കൊണ്ട് ആവുന്ന സഹായങ്ങള്‍ ചെയ്യണമെന്നും രാജന്‍ നിര്‍ബന്ധിച്ചതിനു അവര്‍ ഒടുവില്‍ വഴങ്ങി.  പോലീസ് സ്റ്റേഷനില്‍ കേസിന്റെ കാര്യങ്ങള്‍ പോലീസുകാരന്‍ വിശദീകരിച്ചത് കേള്‍ക്കാനും അതിന്റെ അടിസ്ഥാനത്തില്‍ അവന് വേണ്ട സഹായങ്ങള്‍ ചെയ്യാനും ജാമ്യത്തില്‍ ഇറക്കാന്‍ വക്കീലിനെ അന്വേഷിച്ചും രാജന്‍ ഓടി നടക്കുന്നത് ഓഫീസിലെ മറ്റുള്ളവര്‍ക്കിടയില്‍ അയാളെക്കുറിച്ചുള്ള മതിപ്പ് കൂട്ടി.  ഇയാള്‍ക്ക് ആരുടെ കയ്യില്‍ നിന്നെങ്കിലും കാര്യമായി കിട്ടിയാലേ പഠിക്കൂ എന്ന് പറഞ്ഞ്ചിലര്‍ ചിരിച്ചു.  

മൂന്നാം ദിവസം രാവിലെ ഭരണ കക്ഷിയുടെ സംഘടനാ നേതാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രാജനടക്കമുള്ള മറ്റു തൊഴിലാളികള്‍ ഓഫീസിന്റെ കാലക്കേടിനെക്കുറിച്ച് സംസാരിച്ചുതുടങ്ങി.  രാത്രി വീട്ടിലേയ്ക്ക് പോകുമ്പോള്‍ ബൈക്കില്‍ ലോറി തട്ടിയ നേതാവ് മരണത്തിന്റെ വക്കില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതില്‍ അയാളോട് ഇഷ്ടമില്ലാതിരുന്ന ആള്‍ക്കാര്‍ മാത്രമേ ആ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ എന്നിട്ടുപോലും അവര്‍ എല്ലാവരും അയാളുടെ ക്രൂരതകള്‍ മറന്നു ദൈവത്തോട് നന്ദി പറഞ്ഞു.  

ജീവിതത്തിലെ അനിശ്ചിതത്വങ്ങളും അവിചാരിതമായ സംഭവ വികാസങ്ങളും രാജനെ കൂടുതല്‍ അസ്വസ്ഥനാക്കി.  പണ്ട് തന്നെക്കുറിച്ച് പറഞ്ഞു വിഷമിച്ചിരുന്ന അയാള്‍ തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേരിടുന്ന ദുരന്തങ്ങളില്‍ വളരെയേറെ അസ്വസ്ഥനാവുകയും അതിന്റെ പ്രതികരണങ്ങള്‍ അയാളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുതുടങ്ങി.  ആദ്യം ഇതൊന്നും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും കുടുംബത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്തു സൗമിനിയിലും അസ്വസ്ഥതകള്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങി.  രാജന്റെ സുഹൃത്തായ അരവിന്ദനെ കണ്ടപ്പോള്‍ സൗമിനി തന്റെ സങ്കടങ്ങളും ആകുലതകളും അരവിന്ദനോട് പറയുകയും പരിഹാരം തേടുകയും ചെയ്തു.  

അരവിന്ദനും രാജന്റെ മാറ്റത്തില്‍ ആകെ അസ്വസ്ഥനായിരുന്നു.  തന്റെ ചങ്ങാതി അയാളെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്ന സമയത്ത് അയാളെ കൂടുതല്‍ മനസ്സിലാക്കാനും അഭിപ്രായങ്ങള്‍ പറയാനും സ്വാതന്ത്ര്യം ലഭിച്ചിരുന്നെന്ന് അയാളോര്‍ത്തു.  ക്രമേണ തനിക്കുമനസ്സിലാകാത്ത പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളെ അയാളുടെ വഴിയില്‍ വിടുകയാണ് നല്ലതെന്ന് മനസ്സിലാക്കിയ അരവിന്ദന്‍ അയാളുടെ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുന്നത് ഒഴിവാക്കി സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ സമയവും ശ്രദ്ധയും കൊടുക്കാന്‍ തീരുമാനിച്ചു.

ഇപ്പോള്‍ കാര്യങ്ങള്‍ ഓരോന്നായി ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍ രാജനില്‍ വന്ന മാറ്റങ്ങള്‍ക്കു കാരണവും രാജന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കു വിശദീകരണവും അരവിന്ദന്റെ മനസ്സില്‍ ഓരോന്നായി തെളിഞ്ഞു വന്നു.രാഷ്ട്രീയക്കാരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും അകന്നു നടന്നിരുന്ന രാജന് രാഷ്ട്രീയക്കാരോടും പോലീസിനോടും ചിലപ്പോള്‍ വല്ലാത്ത ഭാവവുമായി പ്രത്യക്ഷപ്പെടുന്ന അപരിചിതരോടും ഇത്ര അടുപ്പത്തോടെ സംസാരിക്കാനും കൂട്ടുകൂടാനും കഴിഞ്ഞതെങ്ങിനെയെന്നു അയാള്‍ ഓര്‍ത്തു.തന്നെ കാണുന്നതിന്റെ ഇടവേളകള്‍ കുറഞ്ഞതും വല്ലപ്പോഴും കാണുമ്പോള്‍ അയാള്‍ക്ക്‌ വരുന്ന ഫോണ്‍കാളുകള്‍  തന്നെ മറയ്ക്കുന്നതും ദൂരത്തേക്കു മാറി നിന്ന് സംസാരിക്കുന്നതും താനെന്തുകൊണ്ട് ഇതുവരെ ശ്രദ്ധിച്ചില്ല എന്നതിന് ഒരു വിശദീകരണവും കണ്ടെത്താന്‍ കഴിയാതിരുന്നത് രാജന്റെ സ്വഭാവമാറ്റം തങ്ങളുടെ സൌഹൃദത്തില്‍ വരുത്തിയ വിള്ളലിന്റെ ഭാഗമായത് കൊണ്ടാണെന്നും അയാള്‍ മനസ്സിലാക്കി. വളരെ പെട്ടെന്ന് സംഭവിച്ച ഈ കാര്യങ്ങള്‍ അയാളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥനാക്കി.നാളെത്തന്നെ സൌമിനിയെ കാണണമെന്നും ഇക്കാര്യം സംസാരിക്കണമെന്നും അയാള്‍ തീരുമാനിച്ചു.

വൈകിട്ട് രാജന്റെ വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ പതിവില്ലാതെ രാജന്‍ തന്നെ കാണാനെത്തിയത് അരവിന്ദനെ സന്തോഷിപ്പിക്കുകയും ഒട്ടൊന്നു അത്ഭുതപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട സംഭാഷണത്തിനിടയില്‍ തന്നെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങള്‍ മാറ്റിവച്ച് വീണ്ടും പഴയ സൗഹൃദം വീണ്ടെടുക്കാന്‍ അയാള്‍ ശ്രമിച്ചു. ഒടുവില്‍ തിരിച്ചു കിട്ടിയ സൌഹൃദത്തിന്റെ സന്തോഷവും മനസ്സിന്റെ ആകുലതകളും കാരണം ഒരു നേരിയ തലകറക്കം തോന്നിയ അരവിന്ദനെ രാജനാണ് കട്ടിലില്‍ കൊണ്ട് കിടത്തിയത്‌. തിരിച്ചു പോകുമ്പോള്‍ അരവിന്ദന്റെ ഭാര്യയോടും മക്കളോടും മരുന്നുകള്‍ യഥാ സമയം കൊടുക്കണമെന്നും കൂട്ടുകാരന്റെ രോഗത്തിന് കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും അതിന് അടുത്തയാഴ്ച സിറ്റിയിലെ ഒരു പ്രമുഖ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് വാങ്ങണമെന്നും അയാള്‍ ഓര്‍മിപ്പിച്ചു. അന്ന് ഞാന്‍ കൂടി വരാമെന്നും പറഞ്ഞത് അവര്‍ക്കും ആശാസമായി.

അടുത്ത ദിവസം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു തിരിച്ചു കിട്ടിയ അരവിന്ദന്റെ മൃതദേഹം ഏറ്റുവാങ്ങുമ്പോള്‍ ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ മാത്രം എന്ത് പ്രശ്നമാണ് അരവിന്ദന് ഉണ്ടായിരുന്നെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു രാജന്‍.      

June 12, 2011

കൂട്ടുകാരന്‍

അവനെന്നോട് പറഞ്ഞു, 
നീയവിടെ പോകേണ്ട, 
ഞാന്‍ പോയിട്ട് വരാം.

ഞാന്‍ അവനോടു പറഞ്ഞു,
ഞാനവിടെ പോയി വന്നിട്ട് 
നിന്നെക്കൂടി കൂട്ടാം

അതിരാവിലെ ഞാന്‍ പുറപ്പെട്ടു 
അവിടെ വലിയൊരാള്‍ക്കൂട്ടം...

അവന്റെ  മരിച്ച ചുണ്ടില്‍ 
ഞാന്‍ കണ്ടത് 
എന്നെ തോല്‍പ്പിച്ച ചിരി, 
പിന്നെ എന്നോട് 
പറയാന്‍ കരുതിയ വാക്കുകളും....   

June 02, 2011

പ്രണയം....

ഏറ്റവും ഭീകരമായി ആത്മഹത്യ ചെയ്യുന്നതെങ്ങിനെ?
ഞാനെന്റെ കൂട്ടുകാരിയോട് ചോദിച്ചു.
പെണ്‍കുട്ടിയോട് ചോദിക്കാന്‍ പറ്റിയ വിഷയം,
അവള്‍ ചിരിച്ചു .

മനസ്സില്‍ കൊരുക്കുന്ന ചിന്തകള്‍,
എന്റെ സ്വകാര്യ ദുഃഖം.
ചുട്ടു പഴുത്ത പ്രതലത്തില്‍ മുഖം ചേര്‍ക്കുമ്പോള്‍ 
അവരുടെ മനസ്സില്‍ എന്തായിരുന്നിരിക്കണം ?
എനിക്കന്നുറങ്ങാന്‍ കഴിഞ്ഞില്ല.
ശരീരവേദനകള്‍  അറിയിക്കാതെ 
പ്രണയം പഠിപ്പിച്ചു ചിലത് .
പ്രണയം കൈവിട്ടു പോയപ്പോള്‍
വേദനകള്‍ ആശ്വാസമായി,
വേദനകള്‍ തിരിച്ചറിവുകളായപ്പോള്‍ 
പ്രണയം പടിയിറങ്ങി പോയി...

പ്രണയം തിരിച്ചു വരുന്ന നാള്‍ തേടി
ജീവിതത്തിന്റെ കണക്കുപുസ്തകവും തുറന്ന്‍ 
ഞാന്‍ കാത്തിരിക്കുന്നു...
കുറെ കണക്കുകള്‍ കൂട്ടാനുണ്ട് ,
കുറെ കണക്കുകള്‍ തീര്‍ക്കാനും...

May 25, 2011

ആത്മഹത്യ ചെയ്യാന്‍ മതിയായ കാരണങ്ങള്‍


പിറന്നു വീണപ്പോള്‍ 
അമ്മ മുലപ്പാല്‍ നല്‍കാതെ ഉറങ്ങിയതിന് ,
മൂന്നു വയസ്സുള്ളപ്പോള്‍ 
അച്ഛന്‍ അനിയന് മാത്രം കളിപ്പാട്ടം വാങ്ങിയതിന് ,  
നാലാം ക്ളാസ്സില്‍ 
വെള്ളത്തിലിറങ്ങിയതിനു   ടീച്ചര്‍ വഴക്കുപറഞ്ഞതിന് , 
ഏഴാം ക്ളാസ്സില്‍ 
കൂട്ടുകാരന്‍ സ്കൂള്‍ മാറി പോയതിന് ,
പത്താം ക്ളാസ്സില്‍ 
ടി വി യില്‍ കളി കാണാന്‍ അനുവദിക്കാതിരുന്നതിന് , 
പന്ത്രണ്ടാം ക്ളാസ്സില്‍
അവള്‍ക്കു നല്‍കിയ പ്രേമലേഖനം 
കൂട്ടുകാരികളെ വായിച്ചു കേള്‍പ്പിച്ചു ചിരിച്ചതിന്, 
കോളേജില്‍ 
സ്നേഹിച്ച പെണ്‍കുട്ടി ടൂര്‍ പോയ കഥകള്‍ 
കൂട്ടുകാര്‍ പറഞ്ഞറിഞ്ഞതിന് ,  
യൌവ്വനത്തില്‍  
ഭാര്യ അയല്‍ക്കാരനോട് 
തമാശ  പറഞ്ഞു ചിരിച്ചതിന്, 
മധ്യവയസ്സില്‍ 
ജോലിയില്‍ നീതി പുലര്‍ത്തിയിട്ടും 
കള്ളക്കേസില്‍ കുടുക്കിയതിന്,
അറുപതാം വയസ്സില്‍ 
ഷഷ്ടിപൂര്‍ത്തിക്ക്   മക്കള്‍ വരാത്തതിന്, 
എഴുപത്തഞ്ചാം വയസ്സില്‍ 
വെറും വെറുതെ ബോറടിച്ചിട്ട് ,    
എന്നിട്ടും കാരണമില്ലാതെ എന്തിനോ എത്രയോ..................    

May 24, 2011

കവിത പാട്ടാകുന്നതെപ്പോള്‍

അന്യന്റെ സ്വപ്നങ്ങള്‍ തേടി അലയുമ്പോള്‍
എന്റെ സ്വപ്നങ്ങള്‍ പടിയിറങ്ങി പോകുമ്പോള്‍
മഷി പടര്‍ന്ന കാമം പ്രണയത്തില്‍ തെളിയുമ്പോള്‍ 
അലന്കാരങ്ങള്‍  മുഖം മറയ്ക്കുമ്പോള്‍

വെറുപ്പിന്റെ ശീലുകള്‍ കവിതയില്‍ തടയുമ്പോള്‍
അധിനിവേശം അവകാശമാകുമ്പോള്‍ 
ജീവിതത്തിന്റെ ചവര്‍പ്പില്ലാത്ത വിയര്‍പ്പുകണങ്ങള്‍
കോറിയിട്ട വരികളില്‍ തിളങ്ങുമ്പോള്‍

മനസ്സില്‍ വരച്ച  ചിത്രം
വാക്കുകളില്‍ പകര്‍ത്താനാവാതെ വിഷമിക്കുമ്പോള്‍
താളം മുറുകുമ്പോള്‍ , സംഗീതം , നിറയുമ്പോള്‍
ഞാനീ  പാട്ട് പുസ്തകം നിങ്ങള്‍ക്കായി തുറക്കുമ്പോള്‍ ‍.

May 20, 2011

ഞാന്‍

അച്ഛന്‍ പറഞ്ഞു
എന്‍റെ തലമുറ
അന്യം നില്‍ക്കാതെ കാക്കേണ്ടവന്‍ നീ.
പാരമ്പര്യത്തിന്‍റെ ഗുണദോഷങ്ങള്‍
എല്ലാ കണ്ണികളിലും കാണില്ലെന്ന്
അച്ഛനറിയില്ലായിരുന്നു

അമ്മ പറഞ്ഞു,
നീ അനുസരണയില്ലാത്തവന്‍
അനുസരിച്ചതൊന്നും
അമ്മ ഓര്‍ത്തിരുന്നില്ല.

കാമുകി പറഞ്ഞു,
നീ നല്ലവന്‍
മോശമാവാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണെന്ന്
അവളറിഞ്ഞില്ല.

പിന്നെ ഭാര്യ,
എന്‍റെ വിശാലമാം ലോകം
അവള്‍ക്കാദ്യം കൗതുകം
പുതുമയൊടുങ്ങിയപ്പോള്‍ നിരാശ
ഏകാന്തതയറിഞ്ഞപ്പോള്‍ ഭയം
ഒടുവില്‍ വീര്‍പ്പുമുട്ടല്‍
ഇപ്പോള്‍ ശീലം

മകന്‍,
പാരമ്പര്യത്തേക്കാള്‍
പാരമ്പര്യരോഗങ്ങളെക്കുറിച്ച്
അന്വേഷിക്കുന്നവന്‍
അവന്‍റെ ചോദ്യങ്ങളെ
സമാധാനങ്ങള്‍ പറഞ്ഞും
പ്രാര്‍ഥനകള്‍ കൊണ്ടും
ഞാന്‍ മറികടക്കുന്നു

ഞാന്‍
അറിവുകളെ ഭയക്കുന്ന,
തിരിച്ചറിവുകളില്‍ വേദനിക്കുന്ന,
തിരുത്തലുകളില്‍ പരാജയപ്പെട്ട,

ജീവിതത്തിന്‍റെ പാഠപുസ്തകം 

May 17, 2011

ഒരു നേര്‍ക്കാഴ്ച

കഥ-തിരക്കഥ-സംഭാഷണം-സംവിധാനം-അനുഭവിച്ചത് ഒക്കെ എന്റെ ഗുരുനാഥന്‍.
പൊളിച്ചെഴുത്ത്, അഥവാ പുനരാവിഷ്കരണം - ഞാന്‍.

ഞാനും എന്‍റെ ലോകവും ചെറുതായതുകൊണ്ട് എന്‍റെ എഴുത്തും അതുപോലെയൊക്കെയാണ്.  വായിക്കുന്നവന് കാര്യം മനസ്സിലായാല്‍ ഭാഗ്യം.

സ്ഥലം : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍.
കാലം : 1990 (സ്ഥലവും കാലവുമൊന്നും പ്രസക്തമല്ല.  എങ്കിലും കാലം മാറുന്തോറും  മനസ്സില്‍ ശരിയെന്നു തോന്നുന്നത് ചെയ്യാനുള്ള പ്രവണത കുറഞ്ഞു വരുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍) .

എന്‍റെ ഗുരുനാഥന്‍ ഞങ്ങളെ നേര്‍വഴിക്കു നടത്താനും, വെളിച്ചം കയറുന്നതും കയറാത്തതുമായ  തലകളിലേക്ക് അറിവുകള്‍ കുത്തിത്തിരുകാനുമുള്ള അന്നത്തെ ശ്രമം (വിഫലമായ?) പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്കു മടങ്ങുന്നതിനായി ട്രെയിനില്‍ തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ എത്തി.  എത്തിപ്പെട്ടതിന്റെ സന്തോഷത്തില്‍ പുറത്തേക്ക് ഓടുന്നതിനിടയിലാണ് ടി.ടി.ഇ. എന്ന ഭീകരന്‍ (ഭീകരന്‍ എന്നൊന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞിട്ടില്ല.  ഈ കഥയില്‍ എന്‍റെ സംഭാവന എന്തെങ്കിലും വേണ്ടേ എന്ന് കരുതി കൂട്ടിച്ചേര്‍ത്തെന്നു മാത്രം) അദ്ദേഹത്തെ പിടികൂടിയത്. 

ഞങ്ങളുടെ അറിവില്‍ അദ്ദേഹത്തിനു നല്ല മറവിയാണ്.   ടി.ടി.ഇ. യ്ക്ക് അദ്ദേഹത്തെ അറിയാത്തതിനാല്‍ ഇക്കാര്യവും അറിയില്ലായിരുന്നു. ടി.ടി.ഇ. അദ്ദേഹത്തോട് സ്നേഹപൂര്‍വ്വം ടിക്കറ്റ് ചോദിച്ചു.  അദ്ദേഹം സന്തോഷത്തോടെ തന്നെ പോക്കറ്റില്‍ കയ്യിട്ട് സീസണ്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന, ഋതുഭേദങ്ങളുമായി  യാതൊരു ബന്ധവും ഇല്ലാത്ത സാധനം തപ്പി.   അപ്പോഴാണ്‌ ആ വസ്തു അന്ന് എടുക്കാന്‍ മറന്ന വിവരം അറിയുന്നത്.  അത് ഇല്ലെന്ന വിവരം രാവിലെ മുതല്‍ വൈകിട്ട് വരെ എപ്പോഴെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറാന്‍ അദ്ദേഹം ധൈര്യപ്പെടുകയില്ലായിരുന്നെന്ന ഞങ്ങള്‍ക്കറിയാവുന്ന കാര്യവും ടി.ടി.ഇ. യ്ക്ക് അറിയില്ലായിരുന്നു. 
എന്തായാലും അദ്ദേഹം സീസണ്‍ എടുക്കാന്‍ മറന്നുപോയ കാര്യവും മറ്റും ടി.ടി.ഇ. എന്ന, ജോലിയോട് ആത്മാര്‍ഥതയുള്ള മഹാനോട് വിശദീകരിക്കാന്‍ ശ്രമിച്ചു.  അദ്ദേഹം, ദൈവം വന്നു പറഞ്ഞാലും വിട്ടുവീഴ്ചയില്ലെന്ന നിലപാടിലേക്ക് വേഗം മാറി. പിഴയൊടുക്കാനാണെങ്കില്‍ സാറിന്റെ കയ്യില്‍ ടി.ടി.ഇ. പറയുന്ന മൂന്നിരട്ടി കാശ് കൊടുക്കാനില്ല.  പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന് സാര്‍ ചുറ്റും നോക്കി.  ഏതു തെരുവുനാടകവും ആസ്വദിക്കുന്ന സ്ഥിരം മലയാളി പ്രേക്ഷകരുടെ എണ്ണം ചുറ്റിലും കൂടി വരുന്നുണ്ടെങ്കിലും അതില്‍ പരിചയക്കാര്‍ ആരുമില്ല.  കാശ് ഇല്ലെങ്കില്‍ കേസ് ചാര്‍ജ് ചെയ്യണം എന്ന നിലപാടിലേക്ക് കുറച്ചുകൂടി വേഗത്തില്‍  ടി.ടി.ഇ. മാറി.  (ഇത്തരം നിലപാടുകള്‍ സ്വീകരിക്കാനുള്ള   എളുപ്പം മറ്റൊന്നിനും കാണില്ല.)

ഇനി ആരെയെങ്കിലും ഫോണ്‍ ചെയ്ത് (ടെലിഫോണ്‍ ബൂത്തിനെ ആശ്രയിക്കേണ്ട കാലമാണ്, ലാന്‍ഡ് ഫോണ്‍ തന്നെ മിക്കവര്‍ക്കും ഇല്ല) അവര്‍ കാശ് കൊണ്ടുവരുന്നതിനിടയില്‍ത്തന്നെ ഇയാള്‍ തന്നെ അകത്താക്കുമോ എന്ന് പേടിച്ചിരിക്കുമ്പോള്‍ അദ്ദേഹം പിറകില്‍ കെട്ടിയ കയ്യില്‍ ചെറുതായി മടക്കിയ ഒരു പേപ്പര്‍ കൊണ്ടുവച്ചിട്ട് ഒരു പയ്യന്‍ അദ്ദേഹത്തിന്റെ സൈഡില്‍ക്കൂടി  ടി.ടി.ഇ. യുടെ പിറകിലായി വന്ന്, അയാള്‍ കാണാതെ ഒന്ന് കണ്ണിറുക്കിയിട്ട് വേഗം ഗേറ്റ് കടന്ന് ഓടിപ്പോയി. (ഈ എപ്പിസോഡില്‍ ജനക്കൂട്ടത്തെ കൊണ്ടുള്ള ഒരേ ഒരു പ്രയോജനം, അതില്ലായിരുന്നെങ്കില്‍ടി.ടി.ഇ. അവനെ ശ്രദ്ധിക്കുമായിരുന്നു.)  അതോടെ സാറിനു കാര്യം മനസ്സിലായി. ഒന്ന് കൂടി പോക്കറ്റില്‍ തിരയുന്നതായി ഭാവിച്ചിട്ട് കക്ഷി ടിക്കറ്റ്‌ എടുത്തു കൊടുത്തു.  അതൊരു പ്ലാറ്റ്ഫോം ടിക്കറ്റ്‌ ആയിരുന്നു. 

ഇതാണോ സ്ഥിരം യാത്രക്കാരനാണെന്ന് പറഞ്ഞിട്ട് എന്ന് പറഞ്ഞു കുറെ വഴക്ക് പറഞ്ഞെങ്കിലും നിയമപരമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കണ്ട് ഇര കൈവിട്ടുപോയ നിരാശയില്‍ ടി.ടി.ഇ. അടുത്ത ഇരയെത്തേടി പോയി.  അടുത്ത നാടകസ്ഥലം നോക്കി ആള്‍ക്കൂട്ടവും.  സാര്‍ പുറത്തിറങ്ങി ആ പയ്യനെ അവിടെയൊക്കെ നോക്കിയെങ്കിലും കണ്ടില്ല.  ഈ കാഴ്ചകള്‍ കണ്ടിട്ട് സാര്‍ നിരപരാധി ആണെന്ന് തോന്നി ആ പയ്യന്‍ പോയി  ടിക്കറ്റ്‌ എടുത്തു കൊണ്ടുവന്നു കൊടുത്തതാണെന്ന് സാര്‍ വിശ്വസിക്കുന്നു, കഥ കേട്ട ഞങ്ങളും........

*ഇത് ഒരു അനുഭവകഥ. അനുഭവകഥ എന്ന് വച്ചാല്‍ അനുഭവിച്ചവന്‍ ഇനി അനുഭവിക്കാന്‍ പോകുന്നവര്‍ക്കുവേണ്ടി പറയുന്ന കഥയെന്നോ, ഞാന്‍ അനുഭവിച്ചു, ഇനി നിങ്ങള്‍ക്കും യോഗമുണ്ടാകട്ടെ എന്നോ ഉണ്ടാവാതിരിക്കട്ടെ എന്നോ ഉള്ള പ്രാര്‍ത്ഥന എന്നോ ഒക്കെ പറയാം.

May 11, 2011

കാത്തിരിപ്പ്

ഞാന്‍ മഴയെ കാത്തിരുന്നു 
മേഘങ്ങള്‍ പറന്നു പോയി...ഞാന്‍ അറിഞ്ഞില്ല
ഞാന്‍ മഞ്ഞിനെ കാത്തിരുന്നു.
തണുത്തത് മഞ്ഞു വീണ് ആയിരുന്നോ ഞാന്‍ അറിഞ്ഞില്ല
പൊഴിയുന്ന ഇലകള്‍ എന്നെത്തേടി വരുമെന്ന് കരുതി
അവ എവിടേക്കോ പറന്നുപോയി  
ഋതുക്കള്‍ മാറിക്കൊണ്ടിരുന്നു. ഒന്നും എന്നിലെത്തിയില്ല
ജീവിതം തന്നെ കാത്തിരിപ്പാകുമ്പോള്‍ ഞാന്‍ നിസ്സഹായനാകുന്നു..


May 01, 2011

മങ്ങിയ കാഴ്ചകള്‍

കാഴ്ചയുടെ കണക്കു പുസ്തകം തുറന്നു ഞാനിരിക്കുന്നു 
മങ്ങിയ കാഴ്ചകള്‍ മറയുന്നതും നോക്കി 
വാക്കുകള്‍ രൂപങ്ങള്‍ സൃഷ്ട്ടിച്ചു കടന്നു പോകുന്നു കാഴ്ചയുടെ 
കാഴ്ച മങ്ങുമ്പോള്‍ രൂപങ്ങള്‍ക്ക്‌ ഭാവവും നഷ്ടപ്പെടുന്നു..

സ്നേഹത്തിന്റെ പുസ്തകം

നീയെഴുതിയ സ്നേഹത്തിന്റെ പുസ്തകം ഞാനിന്നാണ് കാണുന്നത് 
വാക്കുകളിലെ കനലുകള്‍ കാരണം എനിക്കവ സ്പര്‍ശിക്കാന്‍ കഴിയുന്നില്ല 
ആത്മകഥ അജ്ഞാതന് സമര്‍പ്പിച്ച സങ്കടം ബാക്കി 
ബാധ്യതയുടെ കണക്കുകള്‍ നിനക്കെന്നും തെറ്റുന്നതെന്തേ?
സ്വപ്നങ്ങള്‍ കരഞ്ഞു തീര്‍ക്കാന്‍ കനലുകളുടെ ചൂടെന്തിന് കൂട്ടായി വേണം? 

January 28, 2011

ഇന്നത്തെ ലോകം

ഇന്നത്തെ ലോകം എന്റെ സങ്കടങ്ങളിലൂടെ എന്നെ കടന്നു മുന്നോട്ടു പോകുന്നു.മറ്റുള്ളവരെ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോഴും നന്മകള്‍ മറ്റുള്ളവര്‍ക്കായി സൂക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും ജീവിതം തരുന്ന പാഠങ്ങള്‍ സഹനത്തിന് കരുത്തുകൂട്ടാന്‍ മാത്രം ശേഷിക്കുന്നു. നെറിവിന്റെ നേരിന്റെ വെള്ളി വെളിച്ചം പ്രചോദനമായി, പ്രാര്‍ഥനകള്‍ കരുത്തേകി  ജീവിതം പിന്നെയും ബാക്കിയാകുന്നു.