Pages

February 28, 2012

യാത്ര

                   അതിരാവിലെ അരിച്ചിറങ്ങുന്ന തണുപ്പിനെ വകഞ്ഞുമാറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ഇത്രയും നാളുകള്‍ക്കു ശേഷം എന്തിനാണ് ഇങ്ങനെ ഒരു മനംമാറ്റം എന്ന് അജയന്‍ വെറുതെ ചിന്തിച്ചു. തനിക്കു തീരുമാനം എടുക്കാനാവാതെ വരുമ്പോഴെല്ലാം നിമിത്തങ്ങള്‍ക്ക് കീഴടങ്ങുന്ന പതിവുരീതി തന്നെ ശരണം എന്ന് അയാള്‍ സ്വയം സമാധാനിച്ചു. സുഹൃത്തുക്കളെ കാണാന്‍ പോകുന്നത് ആദ്യമായൊന്നുമല്ല. അതില്‍ പുതുമയും ഇല്ല. എന്നാല്‍ എല്ലാവരും വിലമതിക്കുന്ന ആ സൗഹൃദത്തെ തനിക്കുമാത്രം ഇത്ര ഭാരമായി തോന്നിയതെന്തെന്നു അയാള്‍ക്ക് തന്നെ വിശദീകരിക്കാനുമായില്ല.

'അജയാ, എവിടേക്കാ ഈ അതിരാവിലെ ?
മാഷ്‌ ആണ്. മാഷിനെ ഈ നേരത്ത് ഇവിടെ പ്രതീക്ഷിച്ചതേയില്ല. മാഷിനു വല്ലാതെ  വയസ്സായിരിക്കുന്നു. എങ്കിലും ഉന്മേഷത്തിന് ഒരു കുറവുമില്ല. തന്നെ കുറച്ചെങ്കിലും മനസ്സിലാക്കാന്‍ മാഷിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ കുറേക്കാലമായി മാഷെ കണ്ടിട്ട്.
'അനന്തനെ കാണാന്‍ പോകുകയാണ് '. ഉത്തരം കേട്ടതേ മാഷിന്റെ മുഖം വല്ലാതായത് ശ്രദ്ധിച്ചു. പക്ഷെ മാഷൊന്നും പറഞ്ഞില്ല.
"ഇപ്പോഴെന്താ പോകാന്‍ തീരുമാനിച്ചത് "എന്ന് മാഷും
"മാഷെന്താ രാവിലെ ഇവിടെ" എന്ന് ഞാനും ചോദിച്ചത് ഒന്നിച്ചായിരുന്നു. മാഷ്‌ പറഞ്ഞു തുടങ്ങി "രാവിലെ എന്നും നടക്കാന്‍ വരുന്നുണ്ട്. ആരോഗ്യം നോക്കാനൊന്നുമല്ല. ആരോടെങ്കിലും എന്തെങ്കിലും ഒക്കെ സംസാരിക്കണമെങ്കില്‍ ഈ സമയത്തേ കിട്ടൂ. കൂട്ടുകാര്‍ ഒക്കെ പോയി. വൈകുന്നേരങ്ങളില്‍ ഇപ്പോള്‍ ആരും പുറത്തിറങ്ങാറില്ല. എല്ലാവരും ടി വി യുടെ മുന്നില്‍ ആയിരിക്കും. വീട്ടില്‍ മറ്റുള്ളവര്‍ക്കും ഒരു ബുദ്ധിമുട്ടാകരുതല്ലോ?
"എല്ലാവരുടെ കാര്യവും ഇപ്പോള്‍ അങ്ങിനെ ഒക്കെ തന്നെയാണ് "
ഞാന്‍ പറഞ്ഞു തുടങ്ങി. അപ്പോഴേക്കും മാഷിന്റെ നടത്തകൂട്ടുകാര്‍ വിളിച്ചു. ഞാന്‍ അനന്തന്റെ കാര്യം പറഞ്ഞില്ല. മാഷിനും മനസ്സിലായെന്നു തോന്നി. ഒന്നും മിണ്ടാതെ ചുമലില്‍ പിടിച്ചു കണ്ണുകളിലേക്കു നോക്കി മാഷ്‌ ഒരു നിമിഷം നിന്നു.എന്തോ പറയാന്‍ ആഞ്ഞ ശേഷം മിണ്ടാതെ തിരിഞ്ഞു കൂട്ടുകാരുടെ അടുത്തേക്ക്‌ നീങ്ങി. വീണ്ടും നടന്നു തുടങ്ങുമ്പോള്‍ സ്നേഹത്തിന്റെ ഊഷ്മളതയില്‍ വിട്ടുനിന്ന തണുപ്പ് വീണ്ടും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒരസ്വസ്ഥത മനസ്സില്‍ തോന്നിയെങ്കിലും അതധികനേരം നീണ്ടുനിന്നില്ല.

               ട്രെയിനില്‍ അധികം തിരക്കുണ്ടായിരുന്നില്ല. മിക്കവരും ഉറക്കത്തിലായിരുന്നു. വേഗം കൂടിയതോടെ അരിച്ചിറങ്ങിയ തണുപ്പ് കീറിമുറിക്കാന്‍ തുടങ്ങിയതോടെ ഷട്ടര്‍ താഴ്ത്തി വച്ച് ഉറങ്ങാന്‍ ശ്രമിച്ചു. ഉറങ്ങാനുള്ള ശ്രമം ഓര്‍മ്മകള്‍ ഉണര്‍ത്തിയതേയുള്ളൂ.സ്കൂള്‍ കാലഘട്ടത്തില്‍ വച്ച് അനന്തനെ അറിയാമായിരുന്നെങ്കിലും അത് വെറും അറിവ് മാത്രമായിരുന്നു. അവന്റെ അതിജീവനമാര്‍ഗ്ഗങ്ങള്‍ മറ്റുള്ളവരെ ബാധിക്കുന്നത് തിരിച്ചറിഞ്ഞത് മാഷ്‌ മാത്രം ആയിരുന്നു. പറ്റിക്കപ്പെടുമ്പോഴും തോല്‍പ്പിക്കപ്പെടുമ്പോഴും അതിന്റെ അര്‍ത്ഥവും വ്യാപ്തിയും ലാഭനഷ്ടങ്ങളും ഒന്നും കണക്കിലെടുത്തിരുന്നില്ല. കോളേജില്‍ എത്തിയപ്പോള്‍ തിരിച്ചറിവായെങ്കിലും വിട്ടുകൊടുക്കുന്ന ശീലത്തിന് മാറ്റം വന്നിരുന്നില്ല. ആദ്യം ട്രയിനിലെ യാത്രകളിലും പിന്നെ ഹോസ്റ്റലിലും കൂടെയുണ്ടായിരുന്നപ്പോള്‍ അവന്റെ ലക്ഷ്യത്തില്‍ കൂട്ടായിരിക്കാനും മാര്‍ഗ്ഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനും പ്രത്യേകം ശ്രദ്ധിച്ചു. 
                    ഏതൊരു പെണ്ണിനോടും കുറച്ചു സമയം കൊണ്ട് കൂട്ടുകൂടാനും പിന്നെ ആ ബന്ധങ്ങള്‍ അവന്റെ ഇഷ്ടത്തിനൊപ്പം മാത്രം മുന്നോട്ടു കൊണ്ടുപോകാനും അവന് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒഴിഞ്ഞുമാറാനും ഒടുവില്‍ പ്രത്യക്ഷപ്പെട്ടു മര്‍ദ്ദനമേറ്റതിന്റെ സഹതാപം പിടിച്ചു പറ്റാനും അവനു കഴിവുണ്ടായിരുന്നു. ഒടുവില്‍ അവനെത്തെടി വന്നവരില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉള്ള ശ്രമത്തിനിടയില്‍ എനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നിടത്തു നിന്നാണ് അവന്റെ സ്നേഹം എന്നോടുള്ള കടപ്പാടായി മാറുകയും എന്നില്‍ അതൊരു ഭാരമായി അവശേഷിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ബന്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. അപ്പോഴേക്കും ഞങ്ങളുടെ പഠന കാലം കഴിഞ്ഞിരുന്നു. അവന്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് ഏതോ രാഷ്ട്രീയക്കാരന്റെ ബിനാമിയായി ബിസിനസ്സ്   തുടങ്ങുകയും പിന്നെ അതവസാനിപ്പിച്ച് സ്വന്തം നിലയില്‍ തുടങ്ങി കുറച്ചുകാലം കൊണ്ടുതന്നെ അതൊരു വലിയ ബിസിനസ്സ് സാമ്രാജ്യമായി വളര്‍ത്തുകയും ചെയ്തു. അപ്പോഴേക്കും ഞാനൊരു ചെറിയ ജോലിയുമായി നാട്ടില്‍ ഒതുങ്ങിക്കൂടിയിരുന്നു.
                             എന്നെ പണ്ട് ഉപദ്രവിച്ചവരെ അവന്‍ തെരഞ്ഞുപിടിച്ചു വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അവനോടുള്ള അകല്‍ച്ച കൂടിയിരുന്നു. പഴയതൊന്നും ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല, മറക്കാന്‍ അവനും. അവന്റെ അന്വേഷണങ്ങള്‍ക്ക് ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞു,സമ്മാനങ്ങള്‍ സ്വീകരിച്ചില്ല. എന്നാല്‍  എന്റെ കാര്യങ്ങള്‍ ഞാന്‍ പോലുമറിയാതെ സാധിച്ചുതരാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവനെ കാണാന്‍ ക്ഷണിച്ചപ്പോഴൊന്നും പോയില്ല. എന്നെ തിരക്കി വന്ന ദിവസം ഞാന്‍ നാട്ടിലുമില്ലായിരുന്നു. ഒഴിവായതാണെന്ന് അവന്‍ കരുതിയിട്ടുണ്ടാവും. ഇപ്പോള്‍ അവന്‍ നാട്ടില്‍ വരുന്നുണ്ടെന്നറിയിച്ചുകൊണ്ടുള്ള മെസ്സേജ് അയച്ചപ്പോഴും ഞാന്‍ വരുന്നുണ്ടെന്ന് അവനു തോന്നിയിട്ടുണ്ടാവില്ല. ഞാന്‍ പറഞ്ഞതുമില്ല.

                 രാവിലെ സിറ്റിയില്‍ കാലുകുത്തുമ്പോഴും അവനെ കാണാന്‍ പോകുമോ എന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. ഒടുവില്‍ ആ വലിയ ഹോട്ടലിന്റെ റിസെപ്ഷനില്‍ അനന്തന്റെ പേര് പറയുമ്പോള്‍ വേഷം കണ്ടാവണം അവര്‍ ചുഴിഞ്ഞൊന്നു നോക്കി. ഫോണില്‍ റൂമിലേക്ക്‌ വിളിച്ച് അന്വേഷിച്ചശേഷം സംസാരിച്ചപ്പോള്‍ ആദരവ് കൂടിയത് പോലെ... തോന്നിയതാവുമോ?അനന്തന്‍ നേരിട്ട് സ്വീകരിക്കാന്‍ വന്നപ്പോള്‍ ആദരവ് അത്ഭുതമായി മാറിയത് അയാള്‍ ശരിക്കും കണ്ടു.

"അജയാ നീ വരുമെന്ന് ഞാന്‍ കരുതിയതേയില്ല" അവന്റെ മുഖത്ത് സന്തോഷമോ അത്ഭുതമോ ആശ്ചര്യമോ എന്നറിയാന്‍ പറ്റാത്ത ഒരു ഭാവം.
റൂമിലേക്ക്‌ പോകുമ്പോള്‍ അനന്തനെ വെറുതെ ഒന്ന് ശ്രദ്ധിച്ചു. പഴയ പ്രസരിപ്പിനു മാറ്റമൊന്നുമില്ല. സ്നേഹം അനുഭവിച്ചറിയുന്നുമുണ്ടായിരുന്നു. എങ്കിലും അതിനിടയില്‍ എവിടെയോ ഒരു മടുപ്പ് തോന്നിപ്പിച്ചു. തന്റെ നിരീക്ഷണത്തിലെ തകരാറാകാം. അയാള്‍ വീണ്ടും അനന്തന്റെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു. ചോദിച്ചു കൊണ്ടേയിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. നാട്ടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും ഒക്കെ. മാഷിനെക്കുറിച്ചു ചോദിച്ചത് മാത്രം മനസ്സില്‍ തങ്ങി നിന്നു. പറഞ്ഞു തന്നത് അവഗണിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ ജീവിതം അനുഭവിപ്പിച്ചു പഠിപ്പിച്ചപ്പോള്‍ ആണ് ഉള്‍ക്കൊണ്ടതെന്ന കുമ്പസാരത്തിനു പുതുമയില്ലായിരുന്നു. എങ്കിലും കേട്ടിരുന്നു. ജീവിതത്തിലെ അപൂര്‍വ്വം തോല്‍വിയായി അവന്‍ കണ്ടിരുന്ന ആദ്യ കാമുകി അമ്മു-അവനോടൊപ്പം പോകാതിരുന്നത് ജീവിതത്തിന്റെ അര്‍ത്ഥം സമ്പത്ത് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞിട്ടാണെന്ന് അറിയാനും അവനു കാലങ്ങള്‍ വേണ്ടി വന്നു... ഉത്തരങ്ങള്‍ മുറിഞ്ഞപ്പോഴും ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന അവന്‍ ഉത്തരത്തിനായി കാത്തു നിന്നത് അവിടെ മാത്രമായിരുന്നു. അവള്‍ സുഖമായിരിക്കുന്നെന്നു പറഞ്ഞപ്പോള്‍ ലോകത്തെവിടെയായാലും എന്നും അന്വേഷിക്കുന്ന മകളെയും ഒരിക്കലും അന്വേഷിക്കാത്ത ഭാര്യയെയും കുറച്ചു വാക്കുകളില്‍ വരച്ച് അവന്‍ തന്റെ തിരിച്ചറിവ് പങ്കുവച്ചു. ആ റൂമിന്റെ ഭംഗിയും വിശേഷങ്ങളുടെ ആര്‍ദ്രതയും തമ്മിലുള്ള പൊരുത്തമില്ലായ്മ ഓര്‍ക്കാതെ രണ്ടുപേരും നഷ്ടപ്പെട്ട കാലഘട്ടം ഓര്‍മ്മകളില്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

                              ഒടുവില്‍ എപ്പോഴോ വിശപ്പിനെക്കുറിച്ചും അതിഥിസല്ക്കാരത്തെക്കുറിച്ചും അവന്‍ ബോധവാനായി. ഞാന്‍ കഴിച്ചെന്നു പറഞ്ഞപ്പോള്‍ അവന്‍ ഒന്നും പറഞ്ഞില്ല. എന്റെ ശീലങ്ങളുമായി പൊരുത്തപ്പെടാന്‍ അവന്‍ ശീലിച്ചുകഴിഞ്ഞിരുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് അവന്‍ ബാത്റൂമിലേക്ക്‌ പോയി. തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയിലാണ് വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടത്.

അവന്റെ ശത്രുക്കള്‍ മരണദൂതുമായി വന്നത് അവനു നല്‍കാതെ ഏറ്റുവാങ്ങിയപ്പോള്‍ ഈ ജീവിതത്തിലെ അവസാനകര്‍മ്മവും പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം മാത്രം ബാക്കിയായി.  

ദൂരെ എവിടെയോ നിന്നെന്നപോലെ അനന്തന്റെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.അതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.അവശേഷിച്ച ജീവനില്‍ മാഷിന്റെ കണ്ണുകളിലെ ഭാവവും പറയാനാഞ്ഞ വാക്കുകളുടെ അര്‍ത്ഥവും തിരഞ്ഞ് ഞാന്‍ കാത്തുനിന്നു.
              

September 21, 2011

മണ്ണാങ്കട്ടയും കരിയിലയും ...

മണ്ണാങ്കട്ട  യാഹൂവില്‍ അവതരിച്ചു.
ചാറ്റില്‍ വിളനിലം കണ്ടെത്തി 
ജി മെയില്‍ കണ്ടു മോഹിച്ചു 
യാഹൂനെ മൊഴി ചൊല്ലി മതം മാറി.

ജി മെയിലില്‍ പുതിയ വിലാസം ഉണ്ടാക്കി 
ഓര്‍ക്കുട്ടില്‍ കൂട്ടുകാരും  ബന്ധുക്കളും നിറഞ്ഞു
വീണ്ടും മടുത്തപ്പോള്‍ പഴയ കൂട്ട് വെട്ടി 
 വിലാസം  മിനുക്കാന്‍ മുഖപുസ്തകം ഉണ്ടാക്കി.

മതില്‍ കെട്ടി പെയിന്റടിച്ചു അതില്‍ ഒളിച്ചിരുന്നു  
ആരാന്റെ വസ്തുക്കള്‍ തൂക്കി അത്  അലങ്കരിച്ചു.
പ്രൊഫൈലിന്റെ മീശയെടുത്തു 
പോസ്റ്റിലും ലൈക്കിലും കുളിര് കോരി. 

കാഴ്ചകള്‍ തേടി കരിയിലകള്‍ ചുറ്റും കൂടി 
കരിയിലകള്‍  തുന്നിക്കൂട്ടി 
ഗ്രൂപ്പ്‌ കളിയ്ക്കു മണ്ണാങ്കട്ട കാവലിരുന്നു 
പറന്നുപോയവരെ എറിഞ്ഞു കൊന്നു. 

മതിലിന്റെ ആലസ്യത്തില്‍ നിന്നും 
ബൂലോഗ മായകാഴ്ച്ചകള്‍ വരയ്ക്കാന്‍  
പറന്നവരുടെ വീഴ്ചകള്‍ 
നിലവിളികളായ്‌  പോസ്ടുകളായ്‌ പിറന്നു. 

കരിയില കമന്റുകളില്‍ 
ബൂലോഗ സാഹിത്യം വളര്‍ന്നു 
വിലയില്ലാ വാക്കുകളി ല്‍ 
ഇമേജ് അപ്പൂപ്പന്‍താടിപോലുയര്‍ന്നു.

മുഖപുസ്തക ബൂലോഗ വലകളില്‍ 
മണ്ണാങ്കട്ടയും കരിയിലകളും 
കാറ്റും മഴയുമില്ലാത്ത ലോകം 
ഇന്നും സ്വപ്നം കണ്ടുറങ്ങുന്നു.

September 11, 2011

അസ്തിത്വം

കരച്ചില്‍ ജനനത്തിന്റെ അടയാളം 
പിന്നെ ശൂന്യതയില്‍ സ്നേഹം നിറഞ്ഞു 
മുലപ്പാലില്‍ കരച്ചിലടങ്ങി.
താരാട്ടുകള്‍  ജീവിതത്തിനു താളമായി.

ഓര്‍മ്മകള്‍ തെളിഞ്ഞത് കുസൃതികളില്‍ 
പിന്നെ കുസൃതികള്‍ സ്നേഹം മറച്ചു 
കൂട്ടുകാര്‍ വീട്ടുകാരില്‍ നിന്നകറ്റി
കൂട്ടുകാരി കൂട്ടുകാരില്‍ നിന്നും.

കാമം കണ്ണ് കാട്ടിയപ്പോള്‍ 
പ്രലോഭനം പൊയ്മുഖങ്ങള്‍ അഴിച്ചു  മാറ്റി
സ്നേഹത്തിന്  അര്‍ഥം മാറിയപ്പോള്‍ 
കൂട്ടുകാരി അകന്നു മാറി.

തെരുവിലെ ലോകം വഴികാട്ടിയായി 
നിലനില്‍പ്പ്‌ നയിക്കാന്‍ പഠിപ്പിച്ചു.
അണികള്‍ അധികാരം നല്‍കി 
അധികാരം ആദരവ് നല്‍കി.

ജീവിതം ജീവിതാസക്തിയായപ്പോള്‍ 
ഓര്‍മ്മകള്‍ ദൈര്‍ഘ്യം കുറഞ്ഞില്ലാതായി.
അസ്തിത്വം   ഇല്ലാതാകുന്നത് 
അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്.

July 29, 2011

ജീവിതലഹരി

പതിര് വിതച്ചു കാത്തിരുന്നവന്റെ ജീവിതത്തില്‍ 
വിത്തായ്‌ വന്നവള്‍ക്കായ് അലയുന്നു ഞാന്‍ 
വീഞ്ഞിന്‍ ലഹരിയില്‍ നിന്നും അടര്‍ന്നുമാറി 
പ്രണയലഹരി ഞരമ്പില്‍ പടര്‍ത്തി ഞാന്‍ .

നിന്റെ സ്വപ്നങ്ങളില്‍ കോര്‍ന്നു കിടന്നു ഞാന്‍ 
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട് പണിതു 
നഷ്ടപ്പെട്ടതൊക്കെ എനിക്ക് വേണ്ടാത്തതായി 
ഞാന്‍ നേടിയതില്‍ എന്‍റെതൊന്നുമില്ലായിരുന്നു.

മാറ്റങ്ങള്‍ ആസ്വാദ്യമായി,വേദനകള്‍ ലഹരിയായ് 
കൈവിടലുകളില്‍ ആഹ്ളാദം നുരകുത്തി. 
നേര്‍കാഴ്ചകള്‍ മങ്ങുമ്പോഴും, 
ഉള്‍ക്കാഴ്ചയില്‍ സ്നേഹം വിങ്ങി.

ഒടുവില്‍ എന്‍റെ മനസ്സില്‍ കല്ലെറിയാന്‍ ഞാന്‍ ബാക്കിയായി
ആ ഓളങ്ങള്‍ എനിക്കിഷ്ടമായിരുന്നു. 
ജീവിതം എനിക്കിന്ന് ലഹരിയാണ് 
നോവിന്റെ ചലനങ്ങള്‍ വേദനിപ്പിക്കുന്ന ലഹരി. 

July 24, 2011

വൃത്തത്തില്‍ ജീവിക്കുന്നവര്‍

വൃത്തത്തില്‍ ജീവിക്കുന്നവര്‍ 
അവര്‍ക്ക് കിഴക്കും പടിഞ്ഞാറുമില്ല.
തെക്കും വടക്കുമില്ല.
ആ വൃത്തമാവരുടെ ലോകം. 

അവര്‍ , വൃത്തത്തിനു പുറത്ത് വഴി തെറ്റുന്നവര്‍ 
പുറം ലോകത്തെ ഭയക്കുന്നവര്‍ 
ഞാനെന്ന ഭാവം വെടിഞ്ഞവര്‍ 
അകകണ്ണില്‍  ലോകം അറിയുന്നവര്‍ .

അപരന്റെ യാത്രയ്ക്കായ് മാറിനടന്ന 
വഴിയും തന്റ്റെതെന്നറിവുള്ളവര്‍ .
തുടങ്ങിയെടത്താണ് ഒടുക്കമെന്നറിവുള്ളവര്‍
പ്രലോഭനങ്ങള്‍ അതിജീവിച്ചവര്‍ . 

അവരിലൊരാളാകാനൊരു മോഹം 
ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ചു, വരകള്‍ ദിശതെറ്റി
എന്നെയും കൂട്ടി എവിടെയ്ക്കോ പോയി 
എന്റെ ലോകം വൃത്തത്തിലേക്ക് ഒതുങ്ങിയില്ല. 

വഴിതെറ്റി ദിശ മാറി യാത്രകള്‍ അനന്തമായി, 
ഇരുണ്ട വഴികളില്‍ തെളിഞ്ഞ കോണുകള്‍ 
ദിശകള്‍  ചൂണ്ടിക്കാട്ടി പരിഹസിച്ചു.
യാത്രകള്‍ തിരിച്ചുവരവ് ഇല്ലാത്തതായി. 

കൂട് വിട്ടു കൂട്ടംതെറ്റി ഒഴിഞ്ഞു മാറിയ വഴികളിലും 
ആളുകള്‍  നിറുകയില്‍ കാല്പാടുകള്‍ സമ്മാനിച്ചു.
ഇന്ന് വൃത്തത്തിനും ചതുരത്തിനുമിടയില്‍ 
ദിശയില്ലാതലയുന്നു ഞാന്‍ .  

July 10, 2011

കാല്പാടുകള്‍

കാല്പാടുകള്‍ ആദ്യം പതിഞ്ഞത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍
സുരക്ഷിതത്വം തേടിയ ആദ്യ യാത്ര
പിന്നെ അച്ഛന്റെ നെഞ്ചില്‍ കളിക്കാന്‍ ഇടം തേടി

സുഹൃത്തിനെ തേടിയും സുഹൃത്തുക്കളില്‍ നിന്നോടിയും
ഓര്‍ക്കാനും മറക്കാനും ശ്രമിക്കുന്ന പല വഴികളില്‍ ,
കൂട്ടുകാരിയുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന് ഒറ്റയടിപ്പാതയില്‍
പിന്നീട് കാല്‍പ്പാടുകള്‍ക്ക് കൂട്ടായി ഒപ്പം നടന്നു. ജീവിത സായാഹ്നം വരെ.

ജീവിത വഴികളില്‍ പതിഞ്ഞും പതിയാതെയും അനേകം കാല്പാടുകള്‍ .
ഒടുവില്‍ കാല്പാടുകള്‍ മാഞ്ഞു മാഞ്ഞില്ലാതെയായ്
കാലുകള്‍ മാത്രം ശേഷിച്ചു. തമ്മില്‍ കൂട്ടി കെട്ടി മണ്ണില്‍ മൂടിയ കാലുകള്‍
കാല്പാടുകള്‍ പതിക്കാന്‍
അവ മറ്റൊരു ഗര്‍ഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു.

July 03, 2011

യാത്ര

നേര്‍ത്ത പനിയുമായ് പടിയിറക്കം... 
അമ്മയുടെ കണ്ണിലെ കാര്‍മേഘവും 
അച്ഛന്റെ കണ്ണിലെ കനലും 
പനിച്ചൂടില്‍ അറിഞ്ഞതേയില്ല.

കൂട്ടുകാര്‍ അവനെ  കാത്തിരുന്നപ്പോള്‍  
അവന്‍ രാത്രിവണ്ടിയെക്കാത്തിരുന്നു.
ദുശ്ശീലങ്ങള്‍ കൂട്ടുകാര്‍ക്ക് ശീലം, 
കാത്തിരിപ്പുകള്‍ അവസാനിക്കുന്നതങ്ങിനെ.

രാത്രിവണ്ടി ചൂടും വിയര്‍പ്പും ചൂരുമായി 
അവന്റെ അബോധം അതിജീവനത്തിനു കൂട്ടായി 
പനിച്ചൂടും സ്വപ്നങ്ങളും യാത്രയ്ക്ക് കൂട്ടായി 
യാത്രാവസാനം അവന്‍ അവളെ കണ്ടെത്തി 

അവള്‍ അവന്റെ രൂപം മാറി വരച്ചു, മനമില്ലാമനസ്സോടെ
അവന്‍ അവളെ ഉള്‍ക്കൊണ്ടു, പച്ചയായി 
അവന്‍ പറഞ്ഞുകൊണ്ടിരുന്നു,
വാക്കുകള്‍ കൈവിട്ടുപോകുമെന്ന പേടിയില്‍, 
അവള്‍ കേട്ടുകൊണ്ടിരുന്നു,
കേള്‍വിയും സ്വപ്നമാകുമെന്നോര്‍ത്ത്

രാത്രിവണ്ടിക്ക് യാത്ര പറയുമ്പോള്‍ 
നക്ഷത്രങ്ങള്‍ വിരിഞ്ഞ കണ്ണുകള്‍ യാത്രാനുമതി തന്നു.
ആലിംഗനത്തില്‍ പേടിയില്ലാതമരുമ്പോള്‍
പനിച്ചൂട് അവളെ പൊള്ളിച്ചത് അവന്‍ അറിഞ്ഞില്ല.

പ്രതീക്ഷയുടെ, വിരഹനൊമ്പരത്തിന്റെ പതിവ് കാഴ്ചയ്ക്ക് 
അയാള്‍ പിന്തിരിഞ്ഞു നോക്കിയില്ല.
അതായിരുന്നില്ല അവളുടെ മുഖത്തെന്ന്‍ 
അയാള്‍ അറിഞ്ഞതുമില്ല.

മടക്കയാത്രയില്‍ ഒന്നും അയാള്‍ അറിഞ്ഞില്ല.
രാത്രിവണ്ടിയുടെ വാതില്‍പടിയില്‍ നിന്നും 
പനിമനസ്സുമായി മരണത്തിലേക്കൂര്‍ന്നു പോകുമ്പോള്‍ 
അയാളുടെ മനസ്സ് കിനാക്കളില്‍ സുരക്ഷിതമായി ഉറങ്ങി.