Pages

June 21, 2011

സ്വത്വം അറിയുന്നവര്‍ ,തേടുന്നവരും...

പ്യൂണ്‍ രാജന്‍ അന്നേറെ ദുഖിതനായിരുന്നു. തന്റെ ഡിഗ്രികളുടെ വലിപ്പത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തന്റെ ജോലിയുടെ വലിപ്പത്തോട് താരതമ്യപ്പെടുത്തി അസ്വസ്ഥപ്പെടുന്ന മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചും അത്യാവശ്യം മരുന്നുകൊണ്ടും നിയന്ത്രണത്തില്‍ കൊണ്ട് വന്നിട്ട് അധിക കാലം ആയിട്ടില്ലായിരുന്നു. അപ്പോളാണ് ഇന്‍സ്പെക്ഷന് വന്ന മേലാപ്പീസറെ വേണ്ട വിധത്തില്‍ ഗൗനിക്കാതിരുന്ന കുറ്റത്തെ, ട്രെഷറിയില്‍ യഥാസമയം കൊടുക്കേണ്ട രേഖകള്‍ കൊടുത്തില്ലെന്ന കാരണമാക്കി മാറ്റി ഓഫീസര്‍ മെമ്മോ നല്‍കിയത് .തന്റെ ജീവിതം തന്നെ ഏതൊക്കെ രീതിയില്‍ വേട്ടയാടുന്നു എന്ന നിസ്സഹായതയെക്കുറിച്ച് മാത്രം ചിന്തിച്ചാണ് അന്ന് രാജന്‍ ദു:ഖിച്ചത്.  

ട്രെഷറിയില്‍ കൊടുക്കേണ്ട ബില്ലുമായി ട്രെഷറിയിലേയ്ക്കു പോകുന്നതിനു പകരം മേലാപ്പീസിലെയ്ക്ക് പോകുമ്പോഴും രാജന്റെ മനസ്സില്‍ ആകെയുള്ള ചിന്ത ഇക്കാര്യങ്ങള്‍ വീട്ടുകാരിയായ   സൌമിനിയെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും എന്നുള്ളതായിരുന്നു. ആകെ കുഴഞ്ഞു മറിഞ്ഞ മനസ്സുമായി രാത്രി വളരെ വൈകി വീട്ടിലെത്തിയ രാജന്‍ തന്റെ അസ്വസ്ഥതകള്‍ മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും, കഴിയാതിരുന്നപ്പോള്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ ഭാര്യയോടും മക്കളോടും  പറഞ്ഞു ഭാരം ഇറക്കാന്‍ ശ്രമിച്ചു. പറഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും കര്‍മം ചെയ്യുന്ന നിര്‍വികാരതയിലെയ്ക്ക് അയാളുടെ വാക്കുകള്‍ മാറിയിരുന്നു.  അതുകൊണ്ടാവണം അവര്‍ അതൊരു വലിയ കാര്യമായി എടുത്തതുമില്ല.ഏതു കാര്യം അവര്‍ നിസാരമായി എടുക്കും  ഏതു എടുക്കില്ല എന്ന് എന്നാണു താന്‍ മനസ്സിലാക്കുക എന്ന് സ്വസ്ഥമായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ ഓര്‍ത്ത്‌.

രാവിലെ മകന്‍ ഓര്‍മ്മിപ്പിച്ചപ്പോഴാണ് ബില്ലുകള്‍ ട്രെഷറിയില്‍ കൊടുത്തില്ലെന്ന കാര്യം രാജന്‍ ഓര്‍ക്കുന്നത്.  തയ്യാറായി ഓഫീസിലേയ്ക്ക് പുറപ്പെടുമ്പോള്‍ തന്റെ അവസ്ഥകളോട് അയാള്‍ ഏറെക്കുറെ പൊരുത്തപ്പെട്ടിരുന്നു.  

ജോലികള്‍ ഒതുക്കിത്തീര്‍ത്ത് മേലാപ്പീസില്‍ നിന്നും കിട്ടിയ കടലാസുമായി ഓഫീസില്‍ എത്തുമ്പോള്‍ പലരും കൂട്ടം കൂടി നിന്ന് ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു.  ഒടുവില്‍ സോമനാണ് രാജനോട്‌ ഓഫീസര്‍ക്ക് സ്ഥലം മാറ്റമാണെന്നും അന്നുതന്നെ വിടുതല്‍ ചെയ്യണമെന്നും ഉള്ള കര്‍ശന നിര്‍ദ്ദേശം മുകളില്‍ നിന്നും ലഭിച്ച കാര്യം പറയുന്നത്.  അന്ന് വൈകിട്ട് തട്ടിക്കൂട്ടിയ യാത്രയയപ്പുസമ്മേളനത്തില്‍ ഓഫീസറെ അനുസരിക്കാതിരുന്നതില്‍ രാജന്‍ തന്റേതായ വാക്കുകള്‍ കൂട്ടിച്ചൊല്ലി ക്ഷമ പറയുമ്പോള്‍ ഓഫീസര്‍ അയാളെ സമാധാനിപ്പിക്കാന്‍ വൃഥാ ശ്രമിച്ചു.  
പ്രത്യേക ഭാവഭേദങ്ങള്‍ ഇല്ലാതെ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വിധിയുടെ വിളയാട്ടങ്ങളില്‍ മനുഷ്യന്‍ എത്ര നിസ്സഹായന്‍ ആണെന്ന് രാജന്‍ വെറുതെ ഓര്‍ത്തു.  

ഓഫീസില്‍ ചായ കൊണ്ടുവരുന്ന പയ്യനെ പോലീസ് പിടികൂടിക്കൊണ്ടുപോയി എന്ന വാര്‍ത്തയും കേട്ടുകൊണ്ടാണ് രാജന്‍ പിറ്റേന്ന് ഓഫീസില്‍ ചെല്ലുന്നത്.  അവന് അല്ലറചില്ലറ തരികിടപ്പരിപാടികളും കണക്കില്‍ തിരിമറി നടത്തി അഞ്ചോ പത്തോ രൂപ കൈക്കലാക്കുന്നതുമല്ലാതെ നാട്ടില്‍ നടന്ന സാമാന്യം മോശമല്ലാത്ത ഒരു മോഷണക്കേസില്‍ അവനും കണ്ണിയാകുമെന്നു വിശ്വസിക്കാന്‍ ഓഫീസില്‍ ആരും തയ്യാറായില്ല.  ഓഫീസ് സൂപ്രണ്ടിനെക്കൂടി വിളിച്ചുകൊണ്ടു പോലീസ് സ്റ്റേഷനില്‍ പോകാന്‍ നിന്ന രാജനെ സഹപ്രവര്‍ത്തകര്‍ കൈവച്ചില്ലെന്നേയുള്ളൂ.  തലേന്ന് കാശിന്റെ കണക്കു പറഞ്ഞപ്പോള്‍ പത്തുരൂപയുടെ വ്യത്യാസത്തിന്റെ കാര്യം പറഞ്ഞ് അവനും രാജനും തമ്മില്‍ നല്ല വഴക്കായിരുന്നു. അതൊക്കെ പഴയ കാര്യമല്ലേ എന്നും ഇപ്പോള്‍ നമ്മള്‍ നമ്മെക്കൊണ്ട് ആവുന്ന സഹായങ്ങള്‍ ചെയ്യണമെന്നും രാജന്‍ നിര്‍ബന്ധിച്ചതിനു അവര്‍ ഒടുവില്‍ വഴങ്ങി.  പോലീസ് സ്റ്റേഷനില്‍ കേസിന്റെ കാര്യങ്ങള്‍ പോലീസുകാരന്‍ വിശദീകരിച്ചത് കേള്‍ക്കാനും അതിന്റെ അടിസ്ഥാനത്തില്‍ അവന് വേണ്ട സഹായങ്ങള്‍ ചെയ്യാനും ജാമ്യത്തില്‍ ഇറക്കാന്‍ വക്കീലിനെ അന്വേഷിച്ചും രാജന്‍ ഓടി നടക്കുന്നത് ഓഫീസിലെ മറ്റുള്ളവര്‍ക്കിടയില്‍ അയാളെക്കുറിച്ചുള്ള മതിപ്പ് കൂട്ടി.  ഇയാള്‍ക്ക് ആരുടെ കയ്യില്‍ നിന്നെങ്കിലും കാര്യമായി കിട്ടിയാലേ പഠിക്കൂ എന്ന് പറഞ്ഞ്ചിലര്‍ ചിരിച്ചു.  

മൂന്നാം ദിവസം രാവിലെ ഭരണ കക്ഷിയുടെ സംഘടനാ നേതാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രാജനടക്കമുള്ള മറ്റു തൊഴിലാളികള്‍ ഓഫീസിന്റെ കാലക്കേടിനെക്കുറിച്ച് സംസാരിച്ചുതുടങ്ങി.  രാത്രി വീട്ടിലേയ്ക്ക് പോകുമ്പോള്‍ ബൈക്കില്‍ ലോറി തട്ടിയ നേതാവ് മരണത്തിന്റെ വക്കില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതില്‍ അയാളോട് ഇഷ്ടമില്ലാതിരുന്ന ആള്‍ക്കാര്‍ മാത്രമേ ആ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ എന്നിട്ടുപോലും അവര്‍ എല്ലാവരും അയാളുടെ ക്രൂരതകള്‍ മറന്നു ദൈവത്തോട് നന്ദി പറഞ്ഞു.  

ജീവിതത്തിലെ അനിശ്ചിതത്വങ്ങളും അവിചാരിതമായ സംഭവ വികാസങ്ങളും രാജനെ കൂടുതല്‍ അസ്വസ്ഥനാക്കി.  പണ്ട് തന്നെക്കുറിച്ച് പറഞ്ഞു വിഷമിച്ചിരുന്ന അയാള്‍ തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേരിടുന്ന ദുരന്തങ്ങളില്‍ വളരെയേറെ അസ്വസ്ഥനാവുകയും അതിന്റെ പ്രതികരണങ്ങള്‍ അയാളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുതുടങ്ങി.  ആദ്യം ഇതൊന്നും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും കുടുംബത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്തു സൗമിനിയിലും അസ്വസ്ഥതകള്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങി.  രാജന്റെ സുഹൃത്തായ അരവിന്ദനെ കണ്ടപ്പോള്‍ സൗമിനി തന്റെ സങ്കടങ്ങളും ആകുലതകളും അരവിന്ദനോട് പറയുകയും പരിഹാരം തേടുകയും ചെയ്തു.  

അരവിന്ദനും രാജന്റെ മാറ്റത്തില്‍ ആകെ അസ്വസ്ഥനായിരുന്നു.  തന്റെ ചങ്ങാതി അയാളെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്ന സമയത്ത് അയാളെ കൂടുതല്‍ മനസ്സിലാക്കാനും അഭിപ്രായങ്ങള്‍ പറയാനും സ്വാതന്ത്ര്യം ലഭിച്ചിരുന്നെന്ന് അയാളോര്‍ത്തു.  ക്രമേണ തനിക്കുമനസ്സിലാകാത്ത പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളെ അയാളുടെ വഴിയില്‍ വിടുകയാണ് നല്ലതെന്ന് മനസ്സിലാക്കിയ അരവിന്ദന്‍ അയാളുടെ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുന്നത് ഒഴിവാക്കി സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ സമയവും ശ്രദ്ധയും കൊടുക്കാന്‍ തീരുമാനിച്ചു.

ഇപ്പോള്‍ കാര്യങ്ങള്‍ ഓരോന്നായി ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍ രാജനില്‍ വന്ന മാറ്റങ്ങള്‍ക്കു കാരണവും രാജന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കു വിശദീകരണവും അരവിന്ദന്റെ മനസ്സില്‍ ഓരോന്നായി തെളിഞ്ഞു വന്നു.രാഷ്ട്രീയക്കാരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും അകന്നു നടന്നിരുന്ന രാജന് രാഷ്ട്രീയക്കാരോടും പോലീസിനോടും ചിലപ്പോള്‍ വല്ലാത്ത ഭാവവുമായി പ്രത്യക്ഷപ്പെടുന്ന അപരിചിതരോടും ഇത്ര അടുപ്പത്തോടെ സംസാരിക്കാനും കൂട്ടുകൂടാനും കഴിഞ്ഞതെങ്ങിനെയെന്നു അയാള്‍ ഓര്‍ത്തു.തന്നെ കാണുന്നതിന്റെ ഇടവേളകള്‍ കുറഞ്ഞതും വല്ലപ്പോഴും കാണുമ്പോള്‍ അയാള്‍ക്ക്‌ വരുന്ന ഫോണ്‍കാളുകള്‍  തന്നെ മറയ്ക്കുന്നതും ദൂരത്തേക്കു മാറി നിന്ന് സംസാരിക്കുന്നതും താനെന്തുകൊണ്ട് ഇതുവരെ ശ്രദ്ധിച്ചില്ല എന്നതിന് ഒരു വിശദീകരണവും കണ്ടെത്താന്‍ കഴിയാതിരുന്നത് രാജന്റെ സ്വഭാവമാറ്റം തങ്ങളുടെ സൌഹൃദത്തില്‍ വരുത്തിയ വിള്ളലിന്റെ ഭാഗമായത് കൊണ്ടാണെന്നും അയാള്‍ മനസ്സിലാക്കി. വളരെ പെട്ടെന്ന് സംഭവിച്ച ഈ കാര്യങ്ങള്‍ അയാളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥനാക്കി.നാളെത്തന്നെ സൌമിനിയെ കാണണമെന്നും ഇക്കാര്യം സംസാരിക്കണമെന്നും അയാള്‍ തീരുമാനിച്ചു.

വൈകിട്ട് രാജന്റെ വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ പതിവില്ലാതെ രാജന്‍ തന്നെ കാണാനെത്തിയത് അരവിന്ദനെ സന്തോഷിപ്പിക്കുകയും ഒട്ടൊന്നു അത്ഭുതപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട സംഭാഷണത്തിനിടയില്‍ തന്നെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങള്‍ മാറ്റിവച്ച് വീണ്ടും പഴയ സൗഹൃദം വീണ്ടെടുക്കാന്‍ അയാള്‍ ശ്രമിച്ചു. ഒടുവില്‍ തിരിച്ചു കിട്ടിയ സൌഹൃദത്തിന്റെ സന്തോഷവും മനസ്സിന്റെ ആകുലതകളും കാരണം ഒരു നേരിയ തലകറക്കം തോന്നിയ അരവിന്ദനെ രാജനാണ് കട്ടിലില്‍ കൊണ്ട് കിടത്തിയത്‌. തിരിച്ചു പോകുമ്പോള്‍ അരവിന്ദന്റെ ഭാര്യയോടും മക്കളോടും മരുന്നുകള്‍ യഥാ സമയം കൊടുക്കണമെന്നും കൂട്ടുകാരന്റെ രോഗത്തിന് കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും അതിന് അടുത്തയാഴ്ച സിറ്റിയിലെ ഒരു പ്രമുഖ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് വാങ്ങണമെന്നും അയാള്‍ ഓര്‍മിപ്പിച്ചു. അന്ന് ഞാന്‍ കൂടി വരാമെന്നും പറഞ്ഞത് അവര്‍ക്കും ആശാസമായി.

അടുത്ത ദിവസം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു തിരിച്ചു കിട്ടിയ അരവിന്ദന്റെ മൃതദേഹം ഏറ്റുവാങ്ങുമ്പോള്‍ ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ മാത്രം എന്ത് പ്രശ്നമാണ് അരവിന്ദന് ഉണ്ടായിരുന്നെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു രാജന്‍.      

June 12, 2011

കൂട്ടുകാരന്‍

അവനെന്നോട് പറഞ്ഞു, 
നീയവിടെ പോകേണ്ട, 
ഞാന്‍ പോയിട്ട് വരാം.

ഞാന്‍ അവനോടു പറഞ്ഞു,
ഞാനവിടെ പോയി വന്നിട്ട് 
നിന്നെക്കൂടി കൂട്ടാം

അതിരാവിലെ ഞാന്‍ പുറപ്പെട്ടു 
അവിടെ വലിയൊരാള്‍ക്കൂട്ടം...

അവന്റെ  മരിച്ച ചുണ്ടില്‍ 
ഞാന്‍ കണ്ടത് 
എന്നെ തോല്‍പ്പിച്ച ചിരി, 
പിന്നെ എന്നോട് 
പറയാന്‍ കരുതിയ വാക്കുകളും....   

June 02, 2011

പ്രണയം....

ഏറ്റവും ഭീകരമായി ആത്മഹത്യ ചെയ്യുന്നതെങ്ങിനെ?
ഞാനെന്റെ കൂട്ടുകാരിയോട് ചോദിച്ചു.
പെണ്‍കുട്ടിയോട് ചോദിക്കാന്‍ പറ്റിയ വിഷയം,
അവള്‍ ചിരിച്ചു .

മനസ്സില്‍ കൊരുക്കുന്ന ചിന്തകള്‍,
എന്റെ സ്വകാര്യ ദുഃഖം.
ചുട്ടു പഴുത്ത പ്രതലത്തില്‍ മുഖം ചേര്‍ക്കുമ്പോള്‍ 
അവരുടെ മനസ്സില്‍ എന്തായിരുന്നിരിക്കണം ?
എനിക്കന്നുറങ്ങാന്‍ കഴിഞ്ഞില്ല.
ശരീരവേദനകള്‍  അറിയിക്കാതെ 
പ്രണയം പഠിപ്പിച്ചു ചിലത് .
പ്രണയം കൈവിട്ടു പോയപ്പോള്‍
വേദനകള്‍ ആശ്വാസമായി,
വേദനകള്‍ തിരിച്ചറിവുകളായപ്പോള്‍ 
പ്രണയം പടിയിറങ്ങി പോയി...

പ്രണയം തിരിച്ചു വരുന്ന നാള്‍ തേടി
ജീവിതത്തിന്റെ കണക്കുപുസ്തകവും തുറന്ന്‍ 
ഞാന്‍ കാത്തിരിക്കുന്നു...
കുറെ കണക്കുകള്‍ കൂട്ടാനുണ്ട് ,
കുറെ കണക്കുകള്‍ തീര്‍ക്കാനും...