Pages

February 28, 2012

യാത്ര

                   അതിരാവിലെ അരിച്ചിറങ്ങുന്ന തണുപ്പിനെ വകഞ്ഞുമാറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ ഇത്രയും നാളുകള്‍ക്കു ശേഷം എന്തിനാണ് ഇങ്ങനെ ഒരു മനംമാറ്റം എന്ന് അജയന്‍ വെറുതെ ചിന്തിച്ചു. തനിക്കു തീരുമാനം എടുക്കാനാവാതെ വരുമ്പോഴെല്ലാം നിമിത്തങ്ങള്‍ക്ക് കീഴടങ്ങുന്ന പതിവുരീതി തന്നെ ശരണം എന്ന് അയാള്‍ സ്വയം സമാധാനിച്ചു. സുഹൃത്തുക്കളെ കാണാന്‍ പോകുന്നത് ആദ്യമായൊന്നുമല്ല. അതില്‍ പുതുമയും ഇല്ല. എന്നാല്‍ എല്ലാവരും വിലമതിക്കുന്ന ആ സൗഹൃദത്തെ തനിക്കുമാത്രം ഇത്ര ഭാരമായി തോന്നിയതെന്തെന്നു അയാള്‍ക്ക് തന്നെ വിശദീകരിക്കാനുമായില്ല.

'അജയാ, എവിടേക്കാ ഈ അതിരാവിലെ ?
മാഷ്‌ ആണ്. മാഷിനെ ഈ നേരത്ത് ഇവിടെ പ്രതീക്ഷിച്ചതേയില്ല. മാഷിനു വല്ലാതെ  വയസ്സായിരിക്കുന്നു. എങ്കിലും ഉന്മേഷത്തിന് ഒരു കുറവുമില്ല. തന്നെ കുറച്ചെങ്കിലും മനസ്സിലാക്കാന്‍ മാഷിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ കുറേക്കാലമായി മാഷെ കണ്ടിട്ട്.
'അനന്തനെ കാണാന്‍ പോകുകയാണ് '. ഉത്തരം കേട്ടതേ മാഷിന്റെ മുഖം വല്ലാതായത് ശ്രദ്ധിച്ചു. പക്ഷെ മാഷൊന്നും പറഞ്ഞില്ല.
"ഇപ്പോഴെന്താ പോകാന്‍ തീരുമാനിച്ചത് "എന്ന് മാഷും
"മാഷെന്താ രാവിലെ ഇവിടെ" എന്ന് ഞാനും ചോദിച്ചത് ഒന്നിച്ചായിരുന്നു. മാഷ്‌ പറഞ്ഞു തുടങ്ങി "രാവിലെ എന്നും നടക്കാന്‍ വരുന്നുണ്ട്. ആരോഗ്യം നോക്കാനൊന്നുമല്ല. ആരോടെങ്കിലും എന്തെങ്കിലും ഒക്കെ സംസാരിക്കണമെങ്കില്‍ ഈ സമയത്തേ കിട്ടൂ. കൂട്ടുകാര്‍ ഒക്കെ പോയി. വൈകുന്നേരങ്ങളില്‍ ഇപ്പോള്‍ ആരും പുറത്തിറങ്ങാറില്ല. എല്ലാവരും ടി വി യുടെ മുന്നില്‍ ആയിരിക്കും. വീട്ടില്‍ മറ്റുള്ളവര്‍ക്കും ഒരു ബുദ്ധിമുട്ടാകരുതല്ലോ?
"എല്ലാവരുടെ കാര്യവും ഇപ്പോള്‍ അങ്ങിനെ ഒക്കെ തന്നെയാണ് "
ഞാന്‍ പറഞ്ഞു തുടങ്ങി. അപ്പോഴേക്കും മാഷിന്റെ നടത്തകൂട്ടുകാര്‍ വിളിച്ചു. ഞാന്‍ അനന്തന്റെ കാര്യം പറഞ്ഞില്ല. മാഷിനും മനസ്സിലായെന്നു തോന്നി. ഒന്നും മിണ്ടാതെ ചുമലില്‍ പിടിച്ചു കണ്ണുകളിലേക്കു നോക്കി മാഷ്‌ ഒരു നിമിഷം നിന്നു.എന്തോ പറയാന്‍ ആഞ്ഞ ശേഷം മിണ്ടാതെ തിരിഞ്ഞു കൂട്ടുകാരുടെ അടുത്തേക്ക്‌ നീങ്ങി. വീണ്ടും നടന്നു തുടങ്ങുമ്പോള്‍ സ്നേഹത്തിന്റെ ഊഷ്മളതയില്‍ വിട്ടുനിന്ന തണുപ്പ് വീണ്ടും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒരസ്വസ്ഥത മനസ്സില്‍ തോന്നിയെങ്കിലും അതധികനേരം നീണ്ടുനിന്നില്ല.

               ട്രെയിനില്‍ അധികം തിരക്കുണ്ടായിരുന്നില്ല. മിക്കവരും ഉറക്കത്തിലായിരുന്നു. വേഗം കൂടിയതോടെ അരിച്ചിറങ്ങിയ തണുപ്പ് കീറിമുറിക്കാന്‍ തുടങ്ങിയതോടെ ഷട്ടര്‍ താഴ്ത്തി വച്ച് ഉറങ്ങാന്‍ ശ്രമിച്ചു. ഉറങ്ങാനുള്ള ശ്രമം ഓര്‍മ്മകള്‍ ഉണര്‍ത്തിയതേയുള്ളൂ.സ്കൂള്‍ കാലഘട്ടത്തില്‍ വച്ച് അനന്തനെ അറിയാമായിരുന്നെങ്കിലും അത് വെറും അറിവ് മാത്രമായിരുന്നു. അവന്റെ അതിജീവനമാര്‍ഗ്ഗങ്ങള്‍ മറ്റുള്ളവരെ ബാധിക്കുന്നത് തിരിച്ചറിഞ്ഞത് മാഷ്‌ മാത്രം ആയിരുന്നു. പറ്റിക്കപ്പെടുമ്പോഴും തോല്‍പ്പിക്കപ്പെടുമ്പോഴും അതിന്റെ അര്‍ത്ഥവും വ്യാപ്തിയും ലാഭനഷ്ടങ്ങളും ഒന്നും കണക്കിലെടുത്തിരുന്നില്ല. കോളേജില്‍ എത്തിയപ്പോള്‍ തിരിച്ചറിവായെങ്കിലും വിട്ടുകൊടുക്കുന്ന ശീലത്തിന് മാറ്റം വന്നിരുന്നില്ല. ആദ്യം ട്രയിനിലെ യാത്രകളിലും പിന്നെ ഹോസ്റ്റലിലും കൂടെയുണ്ടായിരുന്നപ്പോള്‍ അവന്റെ ലക്ഷ്യത്തില്‍ കൂട്ടായിരിക്കാനും മാര്‍ഗ്ഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനും പ്രത്യേകം ശ്രദ്ധിച്ചു. 
                    ഏതൊരു പെണ്ണിനോടും കുറച്ചു സമയം കൊണ്ട് കൂട്ടുകൂടാനും പിന്നെ ആ ബന്ധങ്ങള്‍ അവന്റെ ഇഷ്ടത്തിനൊപ്പം മാത്രം മുന്നോട്ടു കൊണ്ടുപോകാനും അവന് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒഴിഞ്ഞുമാറാനും ഒടുവില്‍ പ്രത്യക്ഷപ്പെട്ടു മര്‍ദ്ദനമേറ്റതിന്റെ സഹതാപം പിടിച്ചു പറ്റാനും അവനു കഴിവുണ്ടായിരുന്നു. ഒടുവില്‍ അവനെത്തെടി വന്നവരില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉള്ള ശ്രമത്തിനിടയില്‍ എനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നിടത്തു നിന്നാണ് അവന്റെ സ്നേഹം എന്നോടുള്ള കടപ്പാടായി മാറുകയും എന്നില്‍ അതൊരു ഭാരമായി അവശേഷിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ബന്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. അപ്പോഴേക്കും ഞങ്ങളുടെ പഠന കാലം കഴിഞ്ഞിരുന്നു. അവന്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് ഏതോ രാഷ്ട്രീയക്കാരന്റെ ബിനാമിയായി ബിസിനസ്സ്   തുടങ്ങുകയും പിന്നെ അതവസാനിപ്പിച്ച് സ്വന്തം നിലയില്‍ തുടങ്ങി കുറച്ചുകാലം കൊണ്ടുതന്നെ അതൊരു വലിയ ബിസിനസ്സ് സാമ്രാജ്യമായി വളര്‍ത്തുകയും ചെയ്തു. അപ്പോഴേക്കും ഞാനൊരു ചെറിയ ജോലിയുമായി നാട്ടില്‍ ഒതുങ്ങിക്കൂടിയിരുന്നു.
                             എന്നെ പണ്ട് ഉപദ്രവിച്ചവരെ അവന്‍ തെരഞ്ഞുപിടിച്ചു വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അവനോടുള്ള അകല്‍ച്ച കൂടിയിരുന്നു. പഴയതൊന്നും ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല, മറക്കാന്‍ അവനും. അവന്റെ അന്വേഷണങ്ങള്‍ക്ക് ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞു,സമ്മാനങ്ങള്‍ സ്വീകരിച്ചില്ല. എന്നാല്‍  എന്റെ കാര്യങ്ങള്‍ ഞാന്‍ പോലുമറിയാതെ സാധിച്ചുതരാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവനെ കാണാന്‍ ക്ഷണിച്ചപ്പോഴൊന്നും പോയില്ല. എന്നെ തിരക്കി വന്ന ദിവസം ഞാന്‍ നാട്ടിലുമില്ലായിരുന്നു. ഒഴിവായതാണെന്ന് അവന്‍ കരുതിയിട്ടുണ്ടാവും. ഇപ്പോള്‍ അവന്‍ നാട്ടില്‍ വരുന്നുണ്ടെന്നറിയിച്ചുകൊണ്ടുള്ള മെസ്സേജ് അയച്ചപ്പോഴും ഞാന്‍ വരുന്നുണ്ടെന്ന് അവനു തോന്നിയിട്ടുണ്ടാവില്ല. ഞാന്‍ പറഞ്ഞതുമില്ല.

                 രാവിലെ സിറ്റിയില്‍ കാലുകുത്തുമ്പോഴും അവനെ കാണാന്‍ പോകുമോ എന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. ഒടുവില്‍ ആ വലിയ ഹോട്ടലിന്റെ റിസെപ്ഷനില്‍ അനന്തന്റെ പേര് പറയുമ്പോള്‍ വേഷം കണ്ടാവണം അവര്‍ ചുഴിഞ്ഞൊന്നു നോക്കി. ഫോണില്‍ റൂമിലേക്ക്‌ വിളിച്ച് അന്വേഷിച്ചശേഷം സംസാരിച്ചപ്പോള്‍ ആദരവ് കൂടിയത് പോലെ... തോന്നിയതാവുമോ?അനന്തന്‍ നേരിട്ട് സ്വീകരിക്കാന്‍ വന്നപ്പോള്‍ ആദരവ് അത്ഭുതമായി മാറിയത് അയാള്‍ ശരിക്കും കണ്ടു.

"അജയാ നീ വരുമെന്ന് ഞാന്‍ കരുതിയതേയില്ല" അവന്റെ മുഖത്ത് സന്തോഷമോ അത്ഭുതമോ ആശ്ചര്യമോ എന്നറിയാന്‍ പറ്റാത്ത ഒരു ഭാവം.
റൂമിലേക്ക്‌ പോകുമ്പോള്‍ അനന്തനെ വെറുതെ ഒന്ന് ശ്രദ്ധിച്ചു. പഴയ പ്രസരിപ്പിനു മാറ്റമൊന്നുമില്ല. സ്നേഹം അനുഭവിച്ചറിയുന്നുമുണ്ടായിരുന്നു. എങ്കിലും അതിനിടയില്‍ എവിടെയോ ഒരു മടുപ്പ് തോന്നിപ്പിച്ചു. തന്റെ നിരീക്ഷണത്തിലെ തകരാറാകാം. അയാള്‍ വീണ്ടും അനന്തന്റെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു. ചോദിച്ചു കൊണ്ടേയിരുന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. നാട്ടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും ഒക്കെ. മാഷിനെക്കുറിച്ചു ചോദിച്ചത് മാത്രം മനസ്സില്‍ തങ്ങി നിന്നു. പറഞ്ഞു തന്നത് അവഗണിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ ജീവിതം അനുഭവിപ്പിച്ചു പഠിപ്പിച്ചപ്പോള്‍ ആണ് ഉള്‍ക്കൊണ്ടതെന്ന കുമ്പസാരത്തിനു പുതുമയില്ലായിരുന്നു. എങ്കിലും കേട്ടിരുന്നു. ജീവിതത്തിലെ അപൂര്‍വ്വം തോല്‍വിയായി അവന്‍ കണ്ടിരുന്ന ആദ്യ കാമുകി അമ്മു-അവനോടൊപ്പം പോകാതിരുന്നത് ജീവിതത്തിന്റെ അര്‍ത്ഥം സമ്പത്ത് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞിട്ടാണെന്ന് അറിയാനും അവനു കാലങ്ങള്‍ വേണ്ടി വന്നു... ഉത്തരങ്ങള്‍ മുറിഞ്ഞപ്പോഴും ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന അവന്‍ ഉത്തരത്തിനായി കാത്തു നിന്നത് അവിടെ മാത്രമായിരുന്നു. അവള്‍ സുഖമായിരിക്കുന്നെന്നു പറഞ്ഞപ്പോള്‍ ലോകത്തെവിടെയായാലും എന്നും അന്വേഷിക്കുന്ന മകളെയും ഒരിക്കലും അന്വേഷിക്കാത്ത ഭാര്യയെയും കുറച്ചു വാക്കുകളില്‍ വരച്ച് അവന്‍ തന്റെ തിരിച്ചറിവ് പങ്കുവച്ചു. ആ റൂമിന്റെ ഭംഗിയും വിശേഷങ്ങളുടെ ആര്‍ദ്രതയും തമ്മിലുള്ള പൊരുത്തമില്ലായ്മ ഓര്‍ക്കാതെ രണ്ടുപേരും നഷ്ടപ്പെട്ട കാലഘട്ടം ഓര്‍മ്മകളില്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

                              ഒടുവില്‍ എപ്പോഴോ വിശപ്പിനെക്കുറിച്ചും അതിഥിസല്ക്കാരത്തെക്കുറിച്ചും അവന്‍ ബോധവാനായി. ഞാന്‍ കഴിച്ചെന്നു പറഞ്ഞപ്പോള്‍ അവന്‍ ഒന്നും പറഞ്ഞില്ല. എന്റെ ശീലങ്ങളുമായി പൊരുത്തപ്പെടാന്‍ അവന്‍ ശീലിച്ചുകഴിഞ്ഞിരുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് അവന്‍ ബാത്റൂമിലേക്ക്‌ പോയി. തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയിലാണ് വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടത്.

അവന്റെ ശത്രുക്കള്‍ മരണദൂതുമായി വന്നത് അവനു നല്‍കാതെ ഏറ്റുവാങ്ങിയപ്പോള്‍ ഈ ജീവിതത്തിലെ അവസാനകര്‍മ്മവും പൂര്‍ത്തിയാക്കിയതിന്റെ ചാരിതാര്‍ത്ഥ്യം മാത്രം ബാക്കിയായി.  

ദൂരെ എവിടെയോ നിന്നെന്നപോലെ അനന്തന്റെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.അതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.അവശേഷിച്ച ജീവനില്‍ മാഷിന്റെ കണ്ണുകളിലെ ഭാവവും പറയാനാഞ്ഞ വാക്കുകളുടെ അര്‍ത്ഥവും തിരഞ്ഞ് ഞാന്‍ കാത്തുനിന്നു.
              

19 comments:

  1. 1)"രാവിലെ എന്നും നടക്കാന്‍ വരുന്നുണ്ട്. ആരോഗ്യം നോക്കാനൊന്നുമല്ല. ആരോടെങ്കിലും എന്തെങ്കിലും ഒക്കെ സംസാരിക്കണമെങ്കില്‍ ഈ സമയത്തേ കിട്ടൂ. കൂട്ടുകാര്‍ ഒക്കെ പോയി. വൈകുന്നേരങ്ങളില്‍ ഇപ്പോള്‍ ആരും പുറത്തിറങ്ങാറില്ല. എല്ലാവരും ടി വി യുടെ മുന്നില്‍ ആയിരിക്കും. വീട്ടില്‍ മറ്റുള്ളവര്‍ക്കും ഒരു ബുദ്ധിമുട്ടാകരുതല്ലോ?
    2)അവനോടൊപ്പം പോകാതിരുന്നത് ജീവിതത്തിന്റെ അര്‍ത്ഥം സമ്പത്ത് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞിട്ടാണെന്ന് അറിയാനും അവനു കാലങ്ങള്‍ വേണ്ടി വന്നു.




    ചില വരികള്‍ വല്ലാതെ മനസ്സിലുടക്കുന്നതായി..

    അഭിനന്ദനങ്ങള്‍..

    അപ്പൊ ഇനി അടുത്ത കഥക്കായുള്ള കാത്തിരിപ്പ്...
    അത് വരേക്കും നമോവാകം..

    ReplyDelete
  2. അവന്റെ ശതുക്കള്‍ മരണദൂതുമായി വന്നു...

    അനന്തന്‍ അറിഞ്ഞു തന്നെ...?

    കഥ നന്നായി. ഈ കാലഘട്ടത്തിന്റെ കഥ.

    ReplyDelete
  3. കഥ നന്നായി നാരദ മഹര്‍ഷേ.... ആശംസകള്‍

    ReplyDelete
  4. മാഷേ,
    മഖ്ബൂല്‍ "അടക്കി" പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അല്പം വ്യക്തമാക്കട്ടെ?

    കഥാ രചനയും കഥപറച്ചിലും ഇടകലര്‍ന്ന ഒരു സൃഷ്ടിയായി.

    മാഷിന്റെ രംഗ പ്രവേശം തന്നെ ക്ലീഷേ പോലെ തോന്നിച്ചു.

    നാരദനോളം എഴുതാന്‍ എനിക്കാവില്ല. എങ്കിലും വായനക്കാരന്‍റെ സ്വാതന്ത്ര്യം ഉപയോഗിച്ചത് ക്ഷമിക്കുമല്ലോ?

    ReplyDelete
  5. ചിലപ്പോള്‍ അങ്ങിനെയാണ്. ചിലയിടത്ത് എത്തിപ്പെട്ടാല്‍ ഊരിപ്പോരാന്‍ പ്രയാസമാണ്. രണ്ടു മനസ്സുകളും വ്യക്തമായി മനസ്സില്‍ പതിഞ്ഞു.

    ReplyDelete
  6. അനന്തമജ്ഞാതം അവര്‍ണ്ണനീയം

    ReplyDelete
  7. @മെഹദ്‌ മഖ്‌ബൂല്‍ :നാട്യങ്ങള്‍ക്കപ്പുറത്ത് നന്മയും സ്നേഹവും ജീവിതത്തില്‍ കൊണ്ട് നടക്കുന്ന അപൂര്‍വ്വം പേരെ ഞാന്‍ ഇപ്പോളും അറിയുന്നുണ്ട്.അവരുടെ മനസ്സ് ചിത്രീകരിക്കാന്‍ ഒരു ശ്രമം നടത്തിയതാണ്.എന്റെ ഭാഷ കടുപ്പമാണെന്നു പലരും പറഞ്ഞിട്ടുണ്ട് .സഹിച്ചതിനു നന്ദി
    @സേതുലക്ഷ്മി:നന്ദി.അനന്തന്‍ അറിഞ്ഞു കൊണ്ടല്ല.പക്ഷേ ഈ ലോകം അവര്‍ക്ക് വേണ്ടി ഉള്ളതാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്.ഭാഗ്യം അവരോടൊപ്പം ആയിരിക്കും മിക്കപ്പോഴും
    @DEJA VU:നന്ദി
    @പൊട്ടന്‍ :അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി.എല്ലാ കാര്യവും സംഭാഷണത്തിലൂടെ മാത്രം പറഞ്ഞാല്‍ ചെറുകഥ വലിയ കഥയായി പോവില്ലേ? രണ്ടു ശിഷ്യന്മാരെയും ലോകത്തെയും തിരിച്ചറിയുന്ന മാഷിനല്ലേ ആ വ്യത്യാസം മറ്റുള്ളവര്‍ക്ക് വേണ്ടി പറയാന്‍ കഴിയൂ.മറ്റൊരു വഴി എനിക്ക് തോന്നിയില്ല.ആര്‍ക്കും എന്നെപ്പോലെ എഴുതാന്‍ കഴിയില്ലെന്നതാണ് സത്യം അതിലും നന്നാക്കാന്‍ മിക്കവര്‍ക്കും കഴിയും.ഞാന്‍ നല്ല എഴുത്തുകാരന്‍ അല്ല.മോശമല്ലാത്ത വായനക്കാരന്‍ ആണ്. അത് വച്ച് തന്നെ ആണ് ഞാന്‍ മറ്റു ബ്ലോഗുകളില്‍ അഭിപ്രായം പറയാറുള്ളതും.അക്കാര്യത്തില്‍ സ്വാഗതം
    @പട്ടേപ്പാടം റാംജി:നന്ദി, "രണ്ടു മനസ്സുകളും വ്യക്തമായി മനസ്സില്‍ പതിഞ്ഞു".എന്ന ഈ വാക്കുകള്‍ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
    @ajith:നന്ദി ,നിങ്ങള്‍ ഇവിടെയൊക്കെയുണ്ടല്ലേ?സന്തോഷം

    ReplyDelete
  8. കഥ നന്നാക്കാമായിരുന്നു കുറേക്കൂടി ,,ഇത്തരം സംഭവങ്ങള്‍ ഒക്കെ പഴയ ബാലന്‍ കെ നായര്‍ ,നസീര്‍ പടങ്ങളില്‍ കണ്ടു മടുത്തതാണ് മാഷേ ,,ഒരു സുഹൃത്ത് മാഫിയാകിങ്ങും സുഹൃത്ത് ദരിദ്രനും ഒടുവില്‍ സുഹൃത്തിന് വേണ്ടി ദരിദ്രന്‍ വെടി കൊണ്ട് ചാവുന്നു ,നിവൃത്തിയില്ലത്തായാല്‍ ചാവാന്‍ എങ്കിലും കൊള്ളാം എന്ന് തെളിയിക്കാന്‍ ,,പ്രതീക്ഷയുണ്ട് ഈ അന്തരീക്ഷത്തില്‍ നിന്ന് പുറത്തു കടന്നു നാരദന്‍ കുറെക്കൂടെ നല്ല ഒരു കഥയുമായി വരുമെന്ന് ,,എല്ലാ ആശംസകളും ,,(അഭിപ്രായത്തില്‍ പിണക്കം തോന്നില്ലല്ലോ അല്ലെ ?)

    ReplyDelete
  9. @സിയാഫ് അബ്ദുള്‍ഖാദര്‍ :വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.മുന്‍പും പറഞ്ഞിട്ടുള്ളപോലെ ഞാന്‍ നല്ലൊരു എഴുത്തുകാരനല്ല.കഥ എങ്ങിനെ നന്നാക്കാമായിരുന്നു എന്ന് നിര്‍ദ്ദേശിക്കാമോ?പണക്കാരനും പാവപ്പെട്ടവനും സമൂഹം അംഗീകരിച്ച പോതുസ്വഭാവത്തിനു അനുസരിച്ച് പെരുമാറണം എന്ന് ഞാന്‍ കരുതുന്നില്ല.അത് കൊണ്ട് തന്നെ രണ്ടു പേരുടെ മനസ്സിലും ഉള്ള നന്മയും തിരിച്ചറിവും പറയാനാണ് ഞാന്‍ ശ്രമിച്ചത്.അത് വായനക്കാരനില്‍ എത്തിയില്ലെങ്കില്‍ അത് എന്റെ തെറ്റ് തന്നെയാണ് എന്ന് സമ്മതിക്കുന്നു.ഒരു സുഹൃത്ത് മാഫിയകിംഗ്‌ ആയി ഞാന്‍ പറഞ്ഞിരുന്നോ പണവും അധികാരവും ഉള്ളപ്പോള്‍ നോവിക്കുന്നവരെ തിരിച്ചു നോവിക്കുക പതിവാണ്.അതും സുഹൃത്തിന് വേണ്ടി.രണ്ടു പേരും സൌഹൃദത്തെ രണ്ടു രീതിയില്‍ വിലമതിക്കുന്നുണ്ട്.അതില്‍ കൂടുതലൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.പണമുള്ളവന് ശത്രുക്കള്‍ ഉണ്ടാകുക സ്വാഭാവികമാണ് താനും.പിന്നെ മറ്റേ സുഹൃത്ത് ദരിദ്രന്‍ ആണെന്നല്ല പണത്തോട് ആര്‍ത്തി ഇല്ലാത്തവന്‍ എന്നെ പറഞ്ഞുള്ളൂ.അയാള്‍ ഒരു നിവൃത്തികെടും കൊണ്ടല്ല കൂട്ടുകാരനെ കാണാന്‍ പോകുന്നതും.ചില നിമിത്തങ്ങള്‍ കണ്ടാലും മനുഷ്യന് പിന്തിരിയാനാവില്ല.അതറിഞ്ഞാലും എന്ത് കൊണ്ടെന്നു വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ മറ്റുള്ളവര്‍ക്ക് വിലക്കാനും കഴിയില്ല.സംഭവിക്കേണ്ടത് സംഭവിച്ചിരിക്കും.അത് പറയാനാണ് ശ്രമിച്ചത്.അഭിപ്രായത്തിന് നന്ദി.മറുപടിയിലും പിണക്കം തോന്നില്ലെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  10. ഒരു കഥാകാരന്‍ അല്ലെങ്കിലും എനിക്ക് ഈ കഥ ഇഷ്ടായി ....

    ReplyDelete
  11. കഥ നന്നായിരുന്നു..ആശംസകൾ

    ReplyDelete
  12. അനന്തന്‌റേയും, അജയന്‌ടേയും സൌഹൃദത്തിന്‌ പൂച്ചെണ്‌ടുകള്‍, ഒരു കൃഷ്ണ കുചേല സംഗമം ഒാര്‍മ്മ വന്നെങ്കിലും... അവസാനം അനന്തന്‌റെ ശത്രുക്കള്‍ കൊണ്‌ട്‌ വന്ന മരണ ദൂത്‌ വാങ്ങി എന്ന ഭാഗത്ത്‌ എന്തൊക്കെയോ ചില ദുര്‍ഗ്രഹ്യത്‌ അനുഭവപ്പെട്ടു. ചെലപ്പോള്‍ എന്‌റെ തോന്നലാകാം

    ReplyDelete
  13. എന്തായാലും അവസാനം അങ്ങനെയൊക്കെത്തന്നെയായിരിക്കും.
    നല്ല കഥ.

    ReplyDelete
  14. പണ്ടത്തെ സിനിമാക്കഥ പോലൊരു കഥ അല്ലേ ഭായ്

    ReplyDelete
  15. കഥയെഴുത്ത് കൈയ്യിലൊതുങ്ങിയില്ല എന്ന് തോന്നുന്നു :)
    വരാന്‍ വൈകി, ഈ ബ്ലോഗാക്ഷരങ്ങള്‍ കണ്ണിന്റെ ആപ്പീസ് പൂട്ടുമല്ലോ മാഷെ :-/

    ReplyDelete
  16. ഈ കഥ കാണാന്‍ വൈകി.. സേതുലക്ഷ്മിയും സിയാഫും നല്ല കഥ എഴുത്തുകാര്‍... ആദ്യ ആള്‍ പറയുന്നു ഇത് ഈ കാലഘട്ടത്തിന്റെ കഥയെന്ന്. സിയാഫ്‌ പറയുന്നു ഒരു പഴയ സിനിമ മോഡല്‍ സംഭവം എന്ന്..

    ആയതിനാല്‍ ഞാന്‍ പ്രമേയ പുതുമയോ പഴമയോ ശ്രദ്ധിക്കാറില്ല...
    നാരദന്റെ എഴുത്ത് എനിക്ക് മനസ്സിലാവുന്ന തരത്തില്‍ ആണ് ..
    ആയതിനാല്‍ കഥ ഇഷ്ട്ടമായി... നല്ല ഒരു സൌഹൃദം ഞാന്‍ ഈ കഥയില്‍ കണ്ടു. അതിന്റെ ശേഷിപ്പുകളും ..

    ആശംസകള്‍

    ReplyDelete
  17. ഒരുപാട് വൈകി ഞാനും എത്തി നാരദന്റെ ലോകത്തില്‍ ...!
    കൂട്ടുകെട്ടാണ് മനുഷ്യനെ നന്നാക്കുന്നതും നശിപ്പിക്കുന്നതും ...!
    വരാനുള്ളത് വഴിയില്‍ തങ്ങില്ലാല്ലോ അത് എങ്ങിനെയും വരും അതാണ്‌ ഇവിടെയും സംഭവിച്ചത് എന്ന് തോന്നുന്നു ...!

    ReplyDelete