Pages

May 17, 2011

ഒരു നേര്‍ക്കാഴ്ച

കഥ-തിരക്കഥ-സംഭാഷണം-സംവിധാനം-അനുഭവിച്ചത് ഒക്കെ എന്റെ ഗുരുനാഥന്‍.
പൊളിച്ചെഴുത്ത്, അഥവാ പുനരാവിഷ്കരണം - ഞാന്‍.

ഞാനും എന്‍റെ ലോകവും ചെറുതായതുകൊണ്ട് എന്‍റെ എഴുത്തും അതുപോലെയൊക്കെയാണ്.  വായിക്കുന്നവന് കാര്യം മനസ്സിലായാല്‍ ഭാഗ്യം.

സ്ഥലം : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍.
കാലം : 1990 (സ്ഥലവും കാലവുമൊന്നും പ്രസക്തമല്ല.  എങ്കിലും കാലം മാറുന്തോറും  മനസ്സില്‍ ശരിയെന്നു തോന്നുന്നത് ചെയ്യാനുള്ള പ്രവണത കുറഞ്ഞു വരുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍) .

എന്‍റെ ഗുരുനാഥന്‍ ഞങ്ങളെ നേര്‍വഴിക്കു നടത്താനും, വെളിച്ചം കയറുന്നതും കയറാത്തതുമായ  തലകളിലേക്ക് അറിവുകള്‍ കുത്തിത്തിരുകാനുമുള്ള അന്നത്തെ ശ്രമം (വിഫലമായ?) പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്കു മടങ്ങുന്നതിനായി ട്രെയിനില്‍ തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ എത്തി.  എത്തിപ്പെട്ടതിന്റെ സന്തോഷത്തില്‍ പുറത്തേക്ക് ഓടുന്നതിനിടയിലാണ് ടി.ടി.ഇ. എന്ന ഭീകരന്‍ (ഭീകരന്‍ എന്നൊന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞിട്ടില്ല.  ഈ കഥയില്‍ എന്‍റെ സംഭാവന എന്തെങ്കിലും വേണ്ടേ എന്ന് കരുതി കൂട്ടിച്ചേര്‍ത്തെന്നു മാത്രം) അദ്ദേഹത്തെ പിടികൂടിയത്. 

ഞങ്ങളുടെ അറിവില്‍ അദ്ദേഹത്തിനു നല്ല മറവിയാണ്.   ടി.ടി.ഇ. യ്ക്ക് അദ്ദേഹത്തെ അറിയാത്തതിനാല്‍ ഇക്കാര്യവും അറിയില്ലായിരുന്നു. ടി.ടി.ഇ. അദ്ദേഹത്തോട് സ്നേഹപൂര്‍വ്വം ടിക്കറ്റ് ചോദിച്ചു.  അദ്ദേഹം സന്തോഷത്തോടെ തന്നെ പോക്കറ്റില്‍ കയ്യിട്ട് സീസണ്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന, ഋതുഭേദങ്ങളുമായി  യാതൊരു ബന്ധവും ഇല്ലാത്ത സാധനം തപ്പി.   അപ്പോഴാണ്‌ ആ വസ്തു അന്ന് എടുക്കാന്‍ മറന്ന വിവരം അറിയുന്നത്.  അത് ഇല്ലെന്ന വിവരം രാവിലെ മുതല്‍ വൈകിട്ട് വരെ എപ്പോഴെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറാന്‍ അദ്ദേഹം ധൈര്യപ്പെടുകയില്ലായിരുന്നെന്ന ഞങ്ങള്‍ക്കറിയാവുന്ന കാര്യവും ടി.ടി.ഇ. യ്ക്ക് അറിയില്ലായിരുന്നു. 
എന്തായാലും അദ്ദേഹം സീസണ്‍ എടുക്കാന്‍ മറന്നുപോയ കാര്യവും മറ്റും ടി.ടി.ഇ. എന്ന, ജോലിയോട് ആത്മാര്‍ഥതയുള്ള മഹാനോട് വിശദീകരിക്കാന്‍ ശ്രമിച്ചു.  അദ്ദേഹം, ദൈവം വന്നു പറഞ്ഞാലും വിട്ടുവീഴ്ചയില്ലെന്ന നിലപാടിലേക്ക് വേഗം മാറി. പിഴയൊടുക്കാനാണെങ്കില്‍ സാറിന്റെ കയ്യില്‍ ടി.ടി.ഇ. പറയുന്ന മൂന്നിരട്ടി കാശ് കൊടുക്കാനില്ല.  പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന് സാര്‍ ചുറ്റും നോക്കി.  ഏതു തെരുവുനാടകവും ആസ്വദിക്കുന്ന സ്ഥിരം മലയാളി പ്രേക്ഷകരുടെ എണ്ണം ചുറ്റിലും കൂടി വരുന്നുണ്ടെങ്കിലും അതില്‍ പരിചയക്കാര്‍ ആരുമില്ല.  കാശ് ഇല്ലെങ്കില്‍ കേസ് ചാര്‍ജ് ചെയ്യണം എന്ന നിലപാടിലേക്ക് കുറച്ചുകൂടി വേഗത്തില്‍  ടി.ടി.ഇ. മാറി.  (ഇത്തരം നിലപാടുകള്‍ സ്വീകരിക്കാനുള്ള   എളുപ്പം മറ്റൊന്നിനും കാണില്ല.)

ഇനി ആരെയെങ്കിലും ഫോണ്‍ ചെയ്ത് (ടെലിഫോണ്‍ ബൂത്തിനെ ആശ്രയിക്കേണ്ട കാലമാണ്, ലാന്‍ഡ് ഫോണ്‍ തന്നെ മിക്കവര്‍ക്കും ഇല്ല) അവര്‍ കാശ് കൊണ്ടുവരുന്നതിനിടയില്‍ത്തന്നെ ഇയാള്‍ തന്നെ അകത്താക്കുമോ എന്ന് പേടിച്ചിരിക്കുമ്പോള്‍ അദ്ദേഹം പിറകില്‍ കെട്ടിയ കയ്യില്‍ ചെറുതായി മടക്കിയ ഒരു പേപ്പര്‍ കൊണ്ടുവച്ചിട്ട് ഒരു പയ്യന്‍ അദ്ദേഹത്തിന്റെ സൈഡില്‍ക്കൂടി  ടി.ടി.ഇ. യുടെ പിറകിലായി വന്ന്, അയാള്‍ കാണാതെ ഒന്ന് കണ്ണിറുക്കിയിട്ട് വേഗം ഗേറ്റ് കടന്ന് ഓടിപ്പോയി. (ഈ എപ്പിസോഡില്‍ ജനക്കൂട്ടത്തെ കൊണ്ടുള്ള ഒരേ ഒരു പ്രയോജനം, അതില്ലായിരുന്നെങ്കില്‍ടി.ടി.ഇ. അവനെ ശ്രദ്ധിക്കുമായിരുന്നു.)  അതോടെ സാറിനു കാര്യം മനസ്സിലായി. ഒന്ന് കൂടി പോക്കറ്റില്‍ തിരയുന്നതായി ഭാവിച്ചിട്ട് കക്ഷി ടിക്കറ്റ്‌ എടുത്തു കൊടുത്തു.  അതൊരു പ്ലാറ്റ്ഫോം ടിക്കറ്റ്‌ ആയിരുന്നു. 

ഇതാണോ സ്ഥിരം യാത്രക്കാരനാണെന്ന് പറഞ്ഞിട്ട് എന്ന് പറഞ്ഞു കുറെ വഴക്ക് പറഞ്ഞെങ്കിലും നിയമപരമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കണ്ട് ഇര കൈവിട്ടുപോയ നിരാശയില്‍ ടി.ടി.ഇ. അടുത്ത ഇരയെത്തേടി പോയി.  അടുത്ത നാടകസ്ഥലം നോക്കി ആള്‍ക്കൂട്ടവും.  സാര്‍ പുറത്തിറങ്ങി ആ പയ്യനെ അവിടെയൊക്കെ നോക്കിയെങ്കിലും കണ്ടില്ല.  ഈ കാഴ്ചകള്‍ കണ്ടിട്ട് സാര്‍ നിരപരാധി ആണെന്ന് തോന്നി ആ പയ്യന്‍ പോയി  ടിക്കറ്റ്‌ എടുത്തു കൊണ്ടുവന്നു കൊടുത്തതാണെന്ന് സാര്‍ വിശ്വസിക്കുന്നു, കഥ കേട്ട ഞങ്ങളും........

*ഇത് ഒരു അനുഭവകഥ. അനുഭവകഥ എന്ന് വച്ചാല്‍ അനുഭവിച്ചവന്‍ ഇനി അനുഭവിക്കാന്‍ പോകുന്നവര്‍ക്കുവേണ്ടി പറയുന്ന കഥയെന്നോ, ഞാന്‍ അനുഭവിച്ചു, ഇനി നിങ്ങള്‍ക്കും യോഗമുണ്ടാകട്ടെ എന്നോ ഉണ്ടാവാതിരിക്കട്ടെ എന്നോ ഉള്ള പ്രാര്‍ത്ഥന എന്നോ ഒക്കെ പറയാം.

3 comments:

  1. പലയിടത്തും ‘ഞാന്‍‘ ഇട്ട കമന്‍‌റുകള്‍ കണ്ടാണ്‍ ചെറുത് ഇവ്ടെ എത്തിയത്. അവതരണം നന്നായിരിക്കുന്നു. നല്ല വിഷയങ്ങളുമായി വീണ്ടും കാണാം.

    ReplyDelete
  2. ആരനുഭവിച്ചതായാലും, ആരൊക്കെ അനുഭവിക്കാനുള്ളതായാലും..
    സംഭവം കലക്കി...
    നല്ല എഴുത്ത്..
    ഒന്നൂടെ ശ്രദ്ധിച്ചാല്‍ ഇനിയും ‘കൊഴുപ്പിക്കാമായിരുന്നു’
    വീണ്ടും കാണാം..
    ആശംസകള്‍..
    http://pularipoov.blogspot.com/2010/12/blog-post_12.html

    ReplyDelete