Pages

June 21, 2011

സ്വത്വം അറിയുന്നവര്‍ ,തേടുന്നവരും...

പ്യൂണ്‍ രാജന്‍ അന്നേറെ ദുഖിതനായിരുന്നു. തന്റെ ഡിഗ്രികളുടെ വലിപ്പത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തന്റെ ജോലിയുടെ വലിപ്പത്തോട് താരതമ്യപ്പെടുത്തി അസ്വസ്ഥപ്പെടുന്ന മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചും അത്യാവശ്യം മരുന്നുകൊണ്ടും നിയന്ത്രണത്തില്‍ കൊണ്ട് വന്നിട്ട് അധിക കാലം ആയിട്ടില്ലായിരുന്നു. അപ്പോളാണ് ഇന്‍സ്പെക്ഷന് വന്ന മേലാപ്പീസറെ വേണ്ട വിധത്തില്‍ ഗൗനിക്കാതിരുന്ന കുറ്റത്തെ, ട്രെഷറിയില്‍ യഥാസമയം കൊടുക്കേണ്ട രേഖകള്‍ കൊടുത്തില്ലെന്ന കാരണമാക്കി മാറ്റി ഓഫീസര്‍ മെമ്മോ നല്‍കിയത് .തന്റെ ജീവിതം തന്നെ ഏതൊക്കെ രീതിയില്‍ വേട്ടയാടുന്നു എന്ന നിസ്സഹായതയെക്കുറിച്ച് മാത്രം ചിന്തിച്ചാണ് അന്ന് രാജന്‍ ദു:ഖിച്ചത്.  

ട്രെഷറിയില്‍ കൊടുക്കേണ്ട ബില്ലുമായി ട്രെഷറിയിലേയ്ക്കു പോകുന്നതിനു പകരം മേലാപ്പീസിലെയ്ക്ക് പോകുമ്പോഴും രാജന്റെ മനസ്സില്‍ ആകെയുള്ള ചിന്ത ഇക്കാര്യങ്ങള്‍ വീട്ടുകാരിയായ   സൌമിനിയെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും എന്നുള്ളതായിരുന്നു. ആകെ കുഴഞ്ഞു മറിഞ്ഞ മനസ്സുമായി രാത്രി വളരെ വൈകി വീട്ടിലെത്തിയ രാജന്‍ തന്റെ അസ്വസ്ഥതകള്‍ മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും, കഴിയാതിരുന്നപ്പോള്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ ഭാര്യയോടും മക്കളോടും  പറഞ്ഞു ഭാരം ഇറക്കാന്‍ ശ്രമിച്ചു. പറഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും കര്‍മം ചെയ്യുന്ന നിര്‍വികാരതയിലെയ്ക്ക് അയാളുടെ വാക്കുകള്‍ മാറിയിരുന്നു.  അതുകൊണ്ടാവണം അവര്‍ അതൊരു വലിയ കാര്യമായി എടുത്തതുമില്ല.ഏതു കാര്യം അവര്‍ നിസാരമായി എടുക്കും  ഏതു എടുക്കില്ല എന്ന് എന്നാണു താന്‍ മനസ്സിലാക്കുക എന്ന് സ്വസ്ഥമായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ ഓര്‍ത്ത്‌.

രാവിലെ മകന്‍ ഓര്‍മ്മിപ്പിച്ചപ്പോഴാണ് ബില്ലുകള്‍ ട്രെഷറിയില്‍ കൊടുത്തില്ലെന്ന കാര്യം രാജന്‍ ഓര്‍ക്കുന്നത്.  തയ്യാറായി ഓഫീസിലേയ്ക്ക് പുറപ്പെടുമ്പോള്‍ തന്റെ അവസ്ഥകളോട് അയാള്‍ ഏറെക്കുറെ പൊരുത്തപ്പെട്ടിരുന്നു.  

ജോലികള്‍ ഒതുക്കിത്തീര്‍ത്ത് മേലാപ്പീസില്‍ നിന്നും കിട്ടിയ കടലാസുമായി ഓഫീസില്‍ എത്തുമ്പോള്‍ പലരും കൂട്ടം കൂടി നിന്ന് ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു.  ഒടുവില്‍ സോമനാണ് രാജനോട്‌ ഓഫീസര്‍ക്ക് സ്ഥലം മാറ്റമാണെന്നും അന്നുതന്നെ വിടുതല്‍ ചെയ്യണമെന്നും ഉള്ള കര്‍ശന നിര്‍ദ്ദേശം മുകളില്‍ നിന്നും ലഭിച്ച കാര്യം പറയുന്നത്.  അന്ന് വൈകിട്ട് തട്ടിക്കൂട്ടിയ യാത്രയയപ്പുസമ്മേളനത്തില്‍ ഓഫീസറെ അനുസരിക്കാതിരുന്നതില്‍ രാജന്‍ തന്റേതായ വാക്കുകള്‍ കൂട്ടിച്ചൊല്ലി ക്ഷമ പറയുമ്പോള്‍ ഓഫീസര്‍ അയാളെ സമാധാനിപ്പിക്കാന്‍ വൃഥാ ശ്രമിച്ചു.  
പ്രത്യേക ഭാവഭേദങ്ങള്‍ ഇല്ലാതെ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വിധിയുടെ വിളയാട്ടങ്ങളില്‍ മനുഷ്യന്‍ എത്ര നിസ്സഹായന്‍ ആണെന്ന് രാജന്‍ വെറുതെ ഓര്‍ത്തു.  

ഓഫീസില്‍ ചായ കൊണ്ടുവരുന്ന പയ്യനെ പോലീസ് പിടികൂടിക്കൊണ്ടുപോയി എന്ന വാര്‍ത്തയും കേട്ടുകൊണ്ടാണ് രാജന്‍ പിറ്റേന്ന് ഓഫീസില്‍ ചെല്ലുന്നത്.  അവന് അല്ലറചില്ലറ തരികിടപ്പരിപാടികളും കണക്കില്‍ തിരിമറി നടത്തി അഞ്ചോ പത്തോ രൂപ കൈക്കലാക്കുന്നതുമല്ലാതെ നാട്ടില്‍ നടന്ന സാമാന്യം മോശമല്ലാത്ത ഒരു മോഷണക്കേസില്‍ അവനും കണ്ണിയാകുമെന്നു വിശ്വസിക്കാന്‍ ഓഫീസില്‍ ആരും തയ്യാറായില്ല.  ഓഫീസ് സൂപ്രണ്ടിനെക്കൂടി വിളിച്ചുകൊണ്ടു പോലീസ് സ്റ്റേഷനില്‍ പോകാന്‍ നിന്ന രാജനെ സഹപ്രവര്‍ത്തകര്‍ കൈവച്ചില്ലെന്നേയുള്ളൂ.  തലേന്ന് കാശിന്റെ കണക്കു പറഞ്ഞപ്പോള്‍ പത്തുരൂപയുടെ വ്യത്യാസത്തിന്റെ കാര്യം പറഞ്ഞ് അവനും രാജനും തമ്മില്‍ നല്ല വഴക്കായിരുന്നു. അതൊക്കെ പഴയ കാര്യമല്ലേ എന്നും ഇപ്പോള്‍ നമ്മള്‍ നമ്മെക്കൊണ്ട് ആവുന്ന സഹായങ്ങള്‍ ചെയ്യണമെന്നും രാജന്‍ നിര്‍ബന്ധിച്ചതിനു അവര്‍ ഒടുവില്‍ വഴങ്ങി.  പോലീസ് സ്റ്റേഷനില്‍ കേസിന്റെ കാര്യങ്ങള്‍ പോലീസുകാരന്‍ വിശദീകരിച്ചത് കേള്‍ക്കാനും അതിന്റെ അടിസ്ഥാനത്തില്‍ അവന് വേണ്ട സഹായങ്ങള്‍ ചെയ്യാനും ജാമ്യത്തില്‍ ഇറക്കാന്‍ വക്കീലിനെ അന്വേഷിച്ചും രാജന്‍ ഓടി നടക്കുന്നത് ഓഫീസിലെ മറ്റുള്ളവര്‍ക്കിടയില്‍ അയാളെക്കുറിച്ചുള്ള മതിപ്പ് കൂട്ടി.  ഇയാള്‍ക്ക് ആരുടെ കയ്യില്‍ നിന്നെങ്കിലും കാര്യമായി കിട്ടിയാലേ പഠിക്കൂ എന്ന് പറഞ്ഞ്ചിലര്‍ ചിരിച്ചു.  

മൂന്നാം ദിവസം രാവിലെ ഭരണ കക്ഷിയുടെ സംഘടനാ നേതാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രാജനടക്കമുള്ള മറ്റു തൊഴിലാളികള്‍ ഓഫീസിന്റെ കാലക്കേടിനെക്കുറിച്ച് സംസാരിച്ചുതുടങ്ങി.  രാത്രി വീട്ടിലേയ്ക്ക് പോകുമ്പോള്‍ ബൈക്കില്‍ ലോറി തട്ടിയ നേതാവ് മരണത്തിന്റെ വക്കില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതില്‍ അയാളോട് ഇഷ്ടമില്ലാതിരുന്ന ആള്‍ക്കാര്‍ മാത്രമേ ആ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ എന്നിട്ടുപോലും അവര്‍ എല്ലാവരും അയാളുടെ ക്രൂരതകള്‍ മറന്നു ദൈവത്തോട് നന്ദി പറഞ്ഞു.  

ജീവിതത്തിലെ അനിശ്ചിതത്വങ്ങളും അവിചാരിതമായ സംഭവ വികാസങ്ങളും രാജനെ കൂടുതല്‍ അസ്വസ്ഥനാക്കി.  പണ്ട് തന്നെക്കുറിച്ച് പറഞ്ഞു വിഷമിച്ചിരുന്ന അയാള്‍ തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേരിടുന്ന ദുരന്തങ്ങളില്‍ വളരെയേറെ അസ്വസ്ഥനാവുകയും അതിന്റെ പ്രതികരണങ്ങള്‍ അയാളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുതുടങ്ങി.  ആദ്യം ഇതൊന്നും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും കുടുംബത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്തു സൗമിനിയിലും അസ്വസ്ഥതകള്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങി.  രാജന്റെ സുഹൃത്തായ അരവിന്ദനെ കണ്ടപ്പോള്‍ സൗമിനി തന്റെ സങ്കടങ്ങളും ആകുലതകളും അരവിന്ദനോട് പറയുകയും പരിഹാരം തേടുകയും ചെയ്തു.  

അരവിന്ദനും രാജന്റെ മാറ്റത്തില്‍ ആകെ അസ്വസ്ഥനായിരുന്നു.  തന്റെ ചങ്ങാതി അയാളെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്ന സമയത്ത് അയാളെ കൂടുതല്‍ മനസ്സിലാക്കാനും അഭിപ്രായങ്ങള്‍ പറയാനും സ്വാതന്ത്ര്യം ലഭിച്ചിരുന്നെന്ന് അയാളോര്‍ത്തു.  ക്രമേണ തനിക്കുമനസ്സിലാകാത്ത പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളെ അയാളുടെ വഴിയില്‍ വിടുകയാണ് നല്ലതെന്ന് മനസ്സിലാക്കിയ അരവിന്ദന്‍ അയാളുടെ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുന്നത് ഒഴിവാക്കി സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ സമയവും ശ്രദ്ധയും കൊടുക്കാന്‍ തീരുമാനിച്ചു.

ഇപ്പോള്‍ കാര്യങ്ങള്‍ ഓരോന്നായി ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍ രാജനില്‍ വന്ന മാറ്റങ്ങള്‍ക്കു കാരണവും രാജന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കു വിശദീകരണവും അരവിന്ദന്റെ മനസ്സില്‍ ഓരോന്നായി തെളിഞ്ഞു വന്നു.രാഷ്ട്രീയക്കാരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും അകന്നു നടന്നിരുന്ന രാജന് രാഷ്ട്രീയക്കാരോടും പോലീസിനോടും ചിലപ്പോള്‍ വല്ലാത്ത ഭാവവുമായി പ്രത്യക്ഷപ്പെടുന്ന അപരിചിതരോടും ഇത്ര അടുപ്പത്തോടെ സംസാരിക്കാനും കൂട്ടുകൂടാനും കഴിഞ്ഞതെങ്ങിനെയെന്നു അയാള്‍ ഓര്‍ത്തു.തന്നെ കാണുന്നതിന്റെ ഇടവേളകള്‍ കുറഞ്ഞതും വല്ലപ്പോഴും കാണുമ്പോള്‍ അയാള്‍ക്ക്‌ വരുന്ന ഫോണ്‍കാളുകള്‍  തന്നെ മറയ്ക്കുന്നതും ദൂരത്തേക്കു മാറി നിന്ന് സംസാരിക്കുന്നതും താനെന്തുകൊണ്ട് ഇതുവരെ ശ്രദ്ധിച്ചില്ല എന്നതിന് ഒരു വിശദീകരണവും കണ്ടെത്താന്‍ കഴിയാതിരുന്നത് രാജന്റെ സ്വഭാവമാറ്റം തങ്ങളുടെ സൌഹൃദത്തില്‍ വരുത്തിയ വിള്ളലിന്റെ ഭാഗമായത് കൊണ്ടാണെന്നും അയാള്‍ മനസ്സിലാക്കി. വളരെ പെട്ടെന്ന് സംഭവിച്ച ഈ കാര്യങ്ങള്‍ അയാളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥനാക്കി.നാളെത്തന്നെ സൌമിനിയെ കാണണമെന്നും ഇക്കാര്യം സംസാരിക്കണമെന്നും അയാള്‍ തീരുമാനിച്ചു.

വൈകിട്ട് രാജന്റെ വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ പതിവില്ലാതെ രാജന്‍ തന്നെ കാണാനെത്തിയത് അരവിന്ദനെ സന്തോഷിപ്പിക്കുകയും ഒട്ടൊന്നു അത്ഭുതപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട സംഭാഷണത്തിനിടയില്‍ തന്നെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങള്‍ മാറ്റിവച്ച് വീണ്ടും പഴയ സൗഹൃദം വീണ്ടെടുക്കാന്‍ അയാള്‍ ശ്രമിച്ചു. ഒടുവില്‍ തിരിച്ചു കിട്ടിയ സൌഹൃദത്തിന്റെ സന്തോഷവും മനസ്സിന്റെ ആകുലതകളും കാരണം ഒരു നേരിയ തലകറക്കം തോന്നിയ അരവിന്ദനെ രാജനാണ് കട്ടിലില്‍ കൊണ്ട് കിടത്തിയത്‌. തിരിച്ചു പോകുമ്പോള്‍ അരവിന്ദന്റെ ഭാര്യയോടും മക്കളോടും മരുന്നുകള്‍ യഥാ സമയം കൊടുക്കണമെന്നും കൂട്ടുകാരന്റെ രോഗത്തിന് കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും അതിന് അടുത്തയാഴ്ച സിറ്റിയിലെ ഒരു പ്രമുഖ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് വാങ്ങണമെന്നും അയാള്‍ ഓര്‍മിപ്പിച്ചു. അന്ന് ഞാന്‍ കൂടി വരാമെന്നും പറഞ്ഞത് അവര്‍ക്കും ആശാസമായി.

അടുത്ത ദിവസം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു തിരിച്ചു കിട്ടിയ അരവിന്ദന്റെ മൃതദേഹം ഏറ്റുവാങ്ങുമ്പോള്‍ ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ മാത്രം എന്ത് പ്രശ്നമാണ് അരവിന്ദന് ഉണ്ടായിരുന്നെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു രാജന്‍.      

12 comments:

  1. വായിച്ചു. ഒരുവട്ടമല്ല, രണ്ട് വട്ടമല്ല, മൂന്നാവര്‍ത്തി വായിക്കേണ്ടി വന്നു ചെറുതിന് ഇത് ആദ്യാവസാനം മനസ്സിലാക്കി എടുക്കാന്‍. ഭാഷാപ്രയോഗം അല്പം സങ്കീര്‍ണ്ണമായതെന്ന് തോന്നി. വലിയ എഴുത്തുകാരുടെ ഭാഷ :)

    സ്വന്തം പ്രശ്നങ്ങളില്‍ ആവശ്യത്തിലധികം അസ്വസ്ഥനാകുകയും, പിന്നീട് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേരിടുന്ന ദുരന്തങ്ങള്‍ക്ക് മുന്നില്‍ തന്‍‌റെ അവസ്ഥകള്‍ നിസ്സാരമായിരുന്നെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന രാജനേയും, ആളുടെ കുടുംബത്തിലെ അസ്വസ്ഥതകളുമാണ് ഇതില്‍ കാണാന്‍ കഴിയുന്നത്.

    “നേതാവ് മരണത്തിന്റെ വക്കില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതില്‍“ എന്നുള്ളിടത്ത് ഒരു അവ്യക്തത. കഷ്ടിച്ചാണ് രക്ഷപെട്ടത് എന്ന് പറഞ്ഞ് നിര്‍ത്തേണ്ടതായിരുന്നോ? അതുപോലെ ചായ കൊണ്ടുവരുന്ന പയ്യന്‍ മോഷണം നടത്തി എന്ന് വിശ്വസിക്കാത്ത സഹപ്രവര്‍ത്തകര്‍ രാജനെ കൈവക്കാന്‍ ശ്രമിക്കുന്നിടത്തും.

    ആശംസകള്‍ ഞാനേ!

    ReplyDelete
  2. സിമ്പതി മതി എമ്പതി വേണ്ട അല്ലേ..

    രണ്ട് മൂന്നാവര്‍ത്തി വായിക്കേണ്ടി വന്നതിനാല്‍ ഞാനും വളരെയ്യേറെ അസ്വസ്ഥയായി ഇരിക്കുകയായിരുന്നു. അപ്പോഴാണു മുകളിലെ കമന്റ് കണ്ടത്. നേരിയ ഒരാശ്വാസം ഇല്ലാതില്ല. എന്നാലും,എന്നാലും എനിക്കെന്തെ ഇത് നേരത്തെ മനസ്സിലായില്ല!!
    ( ഞാനോടി)

    ReplyDelete
  3. വായിച്ചു തീര്‍ന്നപ്പോള്‍ സമാധാനമായി ..ഈ രാജനെകൊണ്ട് തോറ്റു..ഉദ്യോഗസ്ഥരുടെ മിക്കവരുടെയും പ്രശ്നമാണോയിത് ..ഏതായാലും നന്നായി ...ആശംസകള്‍.

    ReplyDelete
  4. വായിക്കുന്നു.

    ReplyDelete
  5. ഒരു ചെറിയ വിശദീകരണം -
    കഥയ്ക്ക് വിശദീകരണം നല്കുന്നത് ശരിയല്ലെന്നറിയാം, എങ്കിലും...
    സര്‍വീസില്‍ ഇരിക്കെ ഗുരുതരമായ ക്രമക്കേടുകള്‍ കാണിച്ചു അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്യപ്പെട്ട ഒരു പ്യൂണ്‍ അന്വേഷണത്തിന് വന്ന മേലുദ്യോഗസ്ഥനോട് പകുതി കളിയായും പകുതി കാര്യമായും സാറിന് എവിടേയ്ക്ക് ട്രാന്‍സ്ഫര്‍ വേണമെന്ന് ചോദിച്ച സംഭവമാണ് ഞാന്‍ ഡെവലപ്പ് ചെയ്യാന്‍ ശ്രമിച്ചത്. അയാള്‍ക്ക്‌ രാഷ്ട്രീയത്തില്‍ നല്ല സ്വാധീനം ഉണ്ടായിരുന്നു.
    ആദ്യം തന്റെ അവസ്ഥകളില്‍ ദുഖിക്കുകയും അതില്‍ നിന്നും കര കയറാന്‍ ശ്രമിക്കുകയും, കഴിയാതെ വരുമ്പോള്‍ ആ വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് തന്നെ അതിനെ ഉപയോഗിക്കുകയും പിന്നീട് ദുരുപയോഗിക്കുകയും ഒടുവില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്കും അധികാരത്തിനും വേണ്ടി പ്രയോജന പ്പെടുത്തുകയും ചെയ്യുന്ന രണ്ടു വ്യക്തിത്വമുള്ള ഒരു സാധാരണക്കാരനെ ചിത്രീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. മാനസിക പ്രശ്നങ്ങളെ ആദ്യം മരുന്ന് കൊണ്ട് അതിജീവിക്കുന്ന അയാള്‍ പൂര്‍ണ്ണമായും മാനസിക ആരോഗ്യം വീണ്ടെടുക്കുന്നില്ല....
    അയാള്‍ക്ക്‌ ഇഷ്ടമില്ലാത്തത് തുടച്ചുനീക്കാന്‍ അയാള്‍ മടി കാണിക്കുന്നില്ല. അതിനു അയാള്‍ അയാളുടെതായ വഴികള്‍ കണ്ടെത്തുന്നു.അതോടോപ്പം നിഷ്കളങ്കനായ നിഷ്കളങ്കനായ ഒരു സാധാരണക്കാരനായും അയാള്‍ ജീവിക്കുന്നു. തന്റെ കാര്യങ്ങള്‍ മനസ്സിലാക്കുന്ന സുഹൃത്തിന്റെ മരണം ഇവിടെ കഥയുടെ അവസാനമെന്കിലും അയാളുടെ ജീവിതത്തിലെ ഒരു സ്റ്റേജ് മാത്രമാണ് .......
    എന്റെ മോശമായ ഭാഷ സഹിച്ചു കഥ വായിച്ച എല്ലാവര്ക്കും നന്ദി.

    ReplyDelete
  6. ഈ ടൈപ്പ് വലിയ കഥകളിലും നല്ലത് നുമ്മട മറ്റെ ടൈപ്പ് ഷോർടെസ്റ്റ് സ്റ്റോറികൾ തന്നെ! കമന്റുകൾ കണ്ടാലറിയാം, ചെറുതിന്റെ വലുപ്പം വലുതിനില്ലെന്ന്. വീണ്ടും വലിയ വിശദീകരണം നൽകേണ്ടി വരുമ്പോൾ............ചങ്കു പറിഞ്ഞു പോകുന്നതു പോലെ! കഥയിലെ കാര്യം തിരിച്ചറിവാക്കാൻ ബ്ലോഗനാർ കാവിലമ്മ തുണക്കട്ടെ

    ReplyDelete
  7. @വിധു ചോപ്ര :താങ്കളുടെ അഭിപ്രായം മാനിക്കുന്നു.എന്നുകരുതി നോവല്‍ ചെറുകഥയാക്കുകയോ ചെറുകഥ മിനിക്കഥയാക്കുകയോ ചെയ്‌താല്‍ അതിനു സ്വാഭാവികത നഷ്ടപ്പെട്ടു ബോന്സായ്‌ പോലെ ആയിപ്പോവില്ലേ.(ഒരു പാര മനസ്സില്‍ തോന്നിയാല്‍ പറയാതെ പോകാന്‍ തോന്നുന്നില്ല ക്ഷമിക്കുക.)പിന്നെ വിശദീകരണം.അതിനോട് മിക്കവര്‍ക്കും യോജിപ്പില്ല.ചില കാര്യങ്ങളില്‍ എനിക്കും.ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് എന്തെന്ന് പറയാന്‍ കമന്റ് ചെയ്യാമെന്നിരിക്കെ അത് ഉപയോഗിച്ചെന്നു മാത്രം. അത് എന്റെ ബ്ലോഗില്‍ വന്നു മിനക്കെട്ടു വായിക്കുന്ന വിരലിലെണ്ണാവുന്ന ആള്‍ക്കാര്‍ക്ക് വേണ്ടി മാത്രം. മറ്റുള്ളവര്‍ രണ്ടു വരി വായിക്കുമ്പോളെ മടുത്തു പോയ്ക്കോളും.എനിക്ക് ഒരുപാടു നല്ല എഴുത്തുകാരെ കാണാന്‍ കഴിഞ്ഞത് ജാലകം പോലുള്ള അഗ്രിഗേറ്റര്‍
    ഉള്ളത് കൊണ്ടാണ്.എന്നെപ്പോലെയുള്ളവരെ അന്വേഷിക്കുന്നവര്‍ എവിടെയെങ്കിലും കാണും എന്നുള്ളത് കൊണ്ട് അവര്‍ക്ക് വേണ്ടി മാത്രം ഞാന്‍ എഴുത്തിന്റെ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.താങ്കള്‍ ബോണ്‍സായി ആകാന്‍ ഇഷ്ടപ്പെടുന്നു ഞാന്‍ ഞാനായിരുന്നു കൊണ്ട് എഴുതാന്‍ ആഗ്രഹിക്കുന്നു.
    അതില്‍ എല്ലാ വിഭാഗം എഴുത്തുകളും ഉള്‍പ്പെടുന്നു.ബോണ്‍സായികളടക്കമുള്ള എല്ലാ വിഭാഗം എഴുത്തുകാരെയും ഇഷ്ടപ്പെടുന്നു അഭിപ്രായത്തിന് ഒരിക്കല്‍ക്കൂടി നന്ദി

    ReplyDelete
  8. നന്നായിരിക്കുന്നു.....രാജന്‍- സമൂഹത്തില്‍ നിന്നുള്ള ഒരു പ്രതിനിധി.....ആശംസകള്‍....

    ReplyDelete
  9. ഭാഷയ്ക്ക്‌ ഒരു ഒഴുക്ക് ഇല്ലാതെ പോയെന്നു തോന്നുന്നു.
    നല്ല പോലെ എഴുതാന്‍ കഴിയുന്ന ആളാണെന്നു , മറ്റു ബ്ലോഗുകളിലെ നിങ്ങളുടെ ഗഹനമായ കമന്റുകള്‍ കാണിക്കുന്നുണ്ട്.
    അതുകൊണ്ട് ഒന്നുകൂടി ഒതിക്കിയെടുത്തു ഗംഭീരമാക്കി തന്നെ അടുത്ത കഥ പോസ്റ്റൂ.

    ReplyDelete
  10. @meera prasannan: നന്ദി .
    @അനൂപ്‌ .ടി.എം : നല്ല വിമര്‍ശനം. എന്റെ ഭാഷ ഡ്രൈ ആണെന്ന് അറിയാം മറ്റുള്ളവര്‍ പറയുന്നതിനെക്കുറിച്ചു അഭിപ്രായം പറയാന്‍ എളുപ്പമാണ്. അതുപോലല്ല സ്വന്തമായി എഴുതുന്നത്‌
    അക്കാര്യത്തില്‍ അനൂപിനെപ്പോലെ പലരോടും എനിക്ക് അസൂയയാ. എങ്കിലും ശ്രമിക്കാം നന്ദി

    ReplyDelete
  11. എഴുത്തിലെ രഹസ്യാല്‍മകത ആധുനികതയുടെ കാലത്തെയല്ലേ ? ലളിതമായ എഴുത്തായിരിക്കും നല്ലതെന്നാണ് എന്റെ വിശ്വാസം. കഴിവുള്ള എഴുത്തുകാരന്‍ ആണ് താങ്കളെന്ന് മനസ്സിലാക്കുന്നു.

    ReplyDelete
  12. kadha thudakkavum idakkum nannaayirunnu. kure okke suspense undaakki. Pakshe avasaanam enikkonnum manassilaayilla. enthinu koottukaaran aathmahathya cheyyanam. evideyo oru duroohatha.

    ReplyDelete