Pages

July 24, 2011

വൃത്തത്തില്‍ ജീവിക്കുന്നവര്‍

വൃത്തത്തില്‍ ജീവിക്കുന്നവര്‍ 
അവര്‍ക്ക് കിഴക്കും പടിഞ്ഞാറുമില്ല.
തെക്കും വടക്കുമില്ല.
ആ വൃത്തമാവരുടെ ലോകം. 

അവര്‍ , വൃത്തത്തിനു പുറത്ത് വഴി തെറ്റുന്നവര്‍ 
പുറം ലോകത്തെ ഭയക്കുന്നവര്‍ 
ഞാനെന്ന ഭാവം വെടിഞ്ഞവര്‍ 
അകകണ്ണില്‍  ലോകം അറിയുന്നവര്‍ .

അപരന്റെ യാത്രയ്ക്കായ് മാറിനടന്ന 
വഴിയും തന്റ്റെതെന്നറിവുള്ളവര്‍ .
തുടങ്ങിയെടത്താണ് ഒടുക്കമെന്നറിവുള്ളവര്‍
പ്രലോഭനങ്ങള്‍ അതിജീവിച്ചവര്‍ . 

അവരിലൊരാളാകാനൊരു മോഹം 
ഞാന്‍ വരയ്ക്കാന്‍ ശ്രമിച്ചു, വരകള്‍ ദിശതെറ്റി
എന്നെയും കൂട്ടി എവിടെയ്ക്കോ പോയി 
എന്റെ ലോകം വൃത്തത്തിലേക്ക് ഒതുങ്ങിയില്ല. 

വഴിതെറ്റി ദിശ മാറി യാത്രകള്‍ അനന്തമായി, 
ഇരുണ്ട വഴികളില്‍ തെളിഞ്ഞ കോണുകള്‍ 
ദിശകള്‍  ചൂണ്ടിക്കാട്ടി പരിഹസിച്ചു.
യാത്രകള്‍ തിരിച്ചുവരവ് ഇല്ലാത്തതായി. 

കൂട് വിട്ടു കൂട്ടംതെറ്റി ഒഴിഞ്ഞു മാറിയ വഴികളിലും 
ആളുകള്‍  നിറുകയില്‍ കാല്പാടുകള്‍ സമ്മാനിച്ചു.
ഇന്ന് വൃത്തത്തിനും ചതുരത്തിനുമിടയില്‍ 
ദിശയില്ലാതലയുന്നു ഞാന്‍ .  

18 comments:

  1. മാറുന്ന ലോകത്തിന്റെ നേര്‍കാഴ്ച..കവിത ഇഷ്ടായി.

    ReplyDelete
  2. വൃത്തത്തിനുള്ളില്‍ ജീവിക്കുന്നവര്‍ കൂപമണ്ഡൂകങ്ങളല്ലേ ?....തന്റെ ലോകത്തിനുമാത്രം കാവലിരിക്കുന്നവര്‍ ...
    'എന്റെ ലോകം വൃത്തത്തിലേക്ക് ഒതുങ്ങിയില്ല.' മനസ്സ് വിശാലവും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നതുമാകുമ്പോള്‍ അത് സാധ്യമാകില്ല ...അങ്ങനെയുള്ളവരെയാണ് സമൂഹത്തിനാവശ്യം.

    ReplyDelete
  3. @Raveena Raveendran:ഒരു വിയോജനക്കുറിപ്പ്...
    മാനസികമായി ഉയര്‍ന്ന നിലയില്‍ ചിന്തിക്കുന്നവര്‍ക്ക് പുറംലോകത്തിന്റെ കെട്ടുകാഴ്ച്ചകളില്‍ വിശ്വാസമില്ല. അവര്‍ ......
    "ഞാനെന്ന ഭാവം വെടിഞ്ഞവര്‍
    അകകണ്ണില്‍ ലോകം അറിയുന്നവര്‍ .
    അപരന്റെ യാത്രയ്ക്കായ് മാറിനടന്ന
    വഴിയും തന്റ്റെതെന്നറിവുള്ളവര്‍ .
    തുടങ്ങിയെടത്താണ് ഒടുക്കമെന്നറിവുള്ളവര്‍
    പ്രലോഭനങ്ങള്‍ അതിജീവിച്ചവര്‍ ."
    ആ വൃത്തം ഒരു ചിന്താഗതിയും ജീവിതചര്യയുമാണ്.
    പുറംലോകം വിശാലമാണ്.മനസ്സ് വിശാലമാണോ?ദിശയുണ്ട് എവിടെയും പോകാം എന്തും ചെയ്യാം പക്ഷെ .......തിരിച്ചറിവുകള്‍ .....
    ഇതെന്റെ ചിന്താഗതി. എതിര്‍പ്പല്ല. കമന്റിനെ നിഷേധിക്കലുമല്ല.

    ReplyDelete
  4. അവര്‍ എന്നെ പുറത്താക്കി ഒരു വൃത്തം വരച്ചു...
    ഞാന്‍ അതിനെക്കാള്‍ വലിയ ഒരു വൃത്തം വരച്ചു...
    അവരെയും കൂടി ഉള്‍ക്കൊള്ളുന്ന ഒരു വൃത്തം...

    ആരും അന്യരല്ല

    ReplyDelete
  5. വൃത്തം വരയ്ക്കനെളുപ്പമെന്നാലും
    വടിവൊത്തതൊന്നൊരു വിഷമവൃത്തം

    ReplyDelete
  6. @ajith : ഈ ചിന്ത പങ്കുവച്ചതിനു നന്ദി
    @ Kalavallabhan : അതൊരു സത്യം

    ReplyDelete
  7. ജീവിതകഥ വട്ടത്തില്‍ പറഞ്ഞു
    ഗുഡ്. ആശംസകള്‍

    ReplyDelete
  8. ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റപ്പെടുന്നവനോട്
    അപരന്റെ ദുഖം പറയരുത്.

    ReplyDelete
  9. ഗൂഗിള്‍ പ്ലസ്സിന്‍‍റെ വട്ടത്തില്‍‍ പെട്ടു പോയ വട്ടന്മാരെ കുറിച്ചല്ലേ ഈ പോസ്റ്റ് എന്ന് ഞാന്‍‍ സംശയിക്കുന്നു. അല്ലാ....സംശയം ഒരു രോഗമല്ലെന്ന് സര്‍‍വ്വശ്രീ നാമൂസ് അദ്ദേഹത്തിന്‍‍റെ പോസ്റ്റില്‍‍ പറഞ്ഞിട്ടുള്ളത് കൊണ്ട് ധൈര്യായി സംശയിക്കാലോ.

    വരികളിലൂടെ പങ്കുവച്ച ചിന്തകള്‍ ഇഷ്ടപെട്ടു. മനസ്സിലാവായ്ക ഒന്നും അനുഭവപെടുന്നില്ലെങ്കിലും, വായിച്ച് മനസ്സില്‍‍ തോന്നിയത് വിരല്‍‍തുമ്പിലെത്തുന്നില്ല വാക്കുകളാക്കാന്‍. അതുകൊണ്ട് ആശംസകള്‍ അറിയിക്കുന്നു. :)

    ReplyDelete
  10. സത്യം പറയാല്ലോ..
    ഒരഭിപ്രായം എഴുതാൻ മാത്രം എനിക്ക് കാര്യങ്ങൾ മനസ്സിലായില്ല എന്നല്ല എന്തൊക്കെയോ മനസ്സിലായി..
    എന്റെ പരിമിതി..

    വൃത്തവും ചതുരവും..തെക്കും.,വടക്കും.., കിഴക്കും.., പടിഞ്ഞാ‍റും ഒക്കെ അറിയാം കേട്ടൊ

    ReplyDelete
  11. @കെ.എം. റഷീദ്: അതൊരു ചങ്കില്‍ കൊള്ളുന്ന കമന്റാണ്

    @ചെറുത്*: ചിലതൊന്നും എഴുതണമെന്ന് കരുതുന്ന രീതിയിലല്ല അവസാനിക്കുന്നത്. വായിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടെന്നതും ചിലതെങ്കിലും ഉള്‍ക്കൊള്ള്‌ുന്നെന്നതും ഒരു സന്തോഷമാണ്. ഞാന്‍ ബ്ലോഗുകള്‍ തെരഞ്ഞു നടക്കുമ്പോള്‍ അപൂര്‍വ്വമായി ചിലതൊക്കെ കാണുമ്പോള്‍ തോന്നുന്ന ഒരു സന്തോഷമുണ്ട്.എങ്കിലും എഴുത്ത് നിര്‍ത്തി വായന മാത്രം തുടരാന്‍ ആലോചിക്കുന്നു.

    @അമ്മുന്റെകുട്ടി : എന്റെയും പരിമിതികള്‍ തന്നെയാണ് പ്രശ്നം. ചെറുതായ നല്ല ലോകമോ വിശാലമായ ചീത്ത ലോകമോ വേണ്ടതെന്ന കണ്ഫ്യൂഷന്‍....

    ReplyDelete
  12. ഒരു നോട്ടം കൊണ്ട് പോലും നമ്മെ ആരും നിയന്ത്രിക്കാനില്ലാത്ത ഒരു ലോകം. അതൊരു ഹരമാണ്.
    ഉന്മാദിയായി ജീവിക്കുക..
    കവിത നന്നായി..:)

    ReplyDelete
  13. ഒരു വൃത്തം വരച്ചാലോ..ന്ന് ഇപ്പൊ ഒരു ചിന്ത.
    ആശംസകള്‍ ..!

    ReplyDelete
  14. കവിത സുന്ദരം..ഗൂഗിള്‍ പ്ലസ്‌ ഓര്‍മ്മയിലേക്ക് ഓടിയെത്തി..

    ReplyDelete
  15. @അനൂപ്‌ .ടി.എം.:ഉന്മാദിയായി ജീവിക്കാന്‍ പ്രയാസമാണ്.നിയന്ത്രണങ്ങള്‍ ഇല്ലാതാകുമ്പോള്‍ നാം നിയന്ത്രണങ്ങല്‍ക്കായി കൊതിക്കും. കിട്ടുന്നതുവരെ കിട്ടാന്‍ കൊതിക്കും കിട്ടി കുറച്ചു കഴിയുമ്പോള്‍ താനേ മടുക്കും അതാ ജീവിതം
    @ shaina....: എത്ര നല്ല നടക്കാത്ത ചിന്ത
    @ .ഗൂഗിള്‍ പ്ലസ്‌ ? ഇത് രണ്ടാം കമന്റ് വിശദീകരിക്കാമോ?

    ReplyDelete
  16. വിശാലതയിലേക്ക് ചിറക് വിരിക്കാം. എന്നാല്‍.വികലമാം ചിന്തകളാണ് ഊര്‍ജ്ജമെങ്കില്‍ ചിറകറ്റു വീഴുമെന്നോര്‍ക്കുക. മറ്റൊന്ന്, വൃത്തത്തിലെക്കൊതുങ്ങാം അതൊരു കേവലാര്‍ത്ഥത്തിലുള്ള കളമാകാകുകില്‍ ജീവിതം നഷ്ടവാളിയുടെ കളത്തില്‍ വരക്കപ്പെടും.
    സത്യമായും ഞാന്‍...??????

    ReplyDelete
  17. ഈ വലിയ ഭൂലോകം എല്ലാത്തിനും സാക്ഷിയായ് നില്‍ക്കുമ്പോള്‍ ,നാം ഒറ്റപെടുകയില്ല എന്നാണ് എന്റെ ചിന്ത.എല്ലാരും നന്മയും തിന്മയും ഉള്ളില്‍ വഹിക്കുന്നുണ്ട് .പക്ഷെ ശിക്ഷയെ ഭയന്നു തിന്മ ചെയ്യാന്‍ ചിലര്‍ മടിക്കുമ്പോള്‍ നഷ്ടത്തെ ഭയന്ന് നന്മ ചെയ്യാന്‍ മറ്റുള്ളവര്‍ മടിക്കുന്നു........

    ReplyDelete
  18. ഒരു വൃത്തത്തിനകത്ത്‌ തന്നെ അന്തമില്ലാതെ ചുറ്റുന്ന നിര്‍ഭാഗ്യവാന്‍മാരും
    മധ്യഭാഗത്തിരുന്നു തപസ്സിലാണ്ട മൌനിയും ഇല്ലേ ...
    വൃത്തത്തിനകത്ത്‌ പെട്ട് പോകുന്നവരാണ് പലരും ..
    പുറത്തു കടക്കാനാവാത്ത എന്തോ ഒന്ന് ഉള്ളിലേക്ക് വലിച്ചു കൊണ്ടേ ഇരിക്കും ..
    വളരെ നന്നായി എഴുത്ത് ..

    ReplyDelete